രാഷ്ട്രപതി സ്ഥാനാർഥി യശ്വന്ത് സിൻഹയുടെ പ്രചാരണത്തിന് കേരളത്തിൽ ഇന്ന് തുടക്കം
കേരളത്തിലുള്ള സിൻഹ എൽ.ഡി.എഫ്, യു.ഡി.എഫ് ജനപ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും
തിരുവനന്തപുരം: രാഷ്ട്രപതി സ്ഥാനാർഥി യശ്വന്ത് സിൻഹയുടെ പ്രചാരണം ഇന്ന് കേരളത്തിൽ ആരംഭിക്കും. എൽ.ഡി.എഫ്, യു.ഡി.എഫ് ജനപ്രതിനിധികളുമായി സിൻഹ കൂടിക്കാഴ്ച നടത്തും. കേരളം ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന സംസ്ഥാനമാണെന്ന് യശ്വന്ത് സിൻഹ പറഞ്ഞു.
പ്രചാരണത്തിനായി കേരളത്തിലെത്തിയ യശ്വന്ത് സിൻഹയെ തിരുവനന്തപുരം വിമാനത്താവളത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ നേതൃത്വത്തിൽ യു.ഡി.എഫ് നേതാക്കൾ സ്വീകരിച്ചു. മാസ്ക്കറ്റ് ഹോട്ടലിൽ വ്യവസായ മന്ത്രി പി.രാജീവും സ്വീകരിക്കാനെത്തി.
നൂറ് ശതമാനം വോട്ട് ലഭിക്കുന്ന കേരളത്തിൽ നിന്ന് പ്രചാരണം തുടങ്ങാനായതിൽ സന്തോഷമെന്ന് യശ്വന്ത് സിൻഹ പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് എൽ.ഡി.എഫ് എംപിമാർ, എം.എൽ.എമാർ എന്നിവരുമായി കൂടിക്കാഴ്ച നടക്കും. പിന്നീട് യു.ഡി.എഫ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുന്ന യശ്വന്ത് സിൻഹ മീറ്റ് ദ പ്രസിലും പങ്കെടുക്കും. നാളെ ചൈന്നയിലേക്ക് പോകുന്ന യശ്വന്ത് സിൻഹ തമിഴ്നാട്ടിലെ പര്യടനത്തിന് ശേഷം ഗുജറാത്ത്, കർണാടക, തെലുങ്കാന എന്നിവിടങ്ങളിൽ സന്ദർശിക്കും. മറ്റു സംസ്ഥാനങ്ങളിലെ പര്യടനം വരും ദിവസങ്ങളിൽ തീരുമാനിക്കും.