സാമ്പത്തിക ധൂർത്തെന്ന വിമർശനത്തെ തുടർന്ന് മുമ്പ് ഉപേക്ഷിച്ചു; പൊലിസിന് വീണ്ടും ഹെലികോപ്ടർ വാടകയ്ക്ക് എടുക്കുന്നു

മൂന്നുവർഷത്തേക്ക് ഹെലികോപ്റ്റർ വാടകയ്‌ക്കെടുക്കാനാണ് ആലോചന

Update: 2021-11-27 06:24 GMT
Advertising

സാമ്പത്തിക ധൂർത്തെന്ന വിമർശനത്തെ തുടർന്ന് മുമ്പ് ഉപേക്ഷിച്ച ഹെലികോപ്ടർ സംസ്ഥാന പൊലിസ് വീണ്ടും വാടകയ്ക്ക് എടുക്കുന്നു. ഇതിനായി ടെക്‌നിക്കൽ ബിഡ് തുറക്കും. ഡിസംബർ നാലിന് ഡിജിപി അധ്യക്ഷനായ സമിതി ബിഡ് തുറന്ന് പരിശോധിക്കും. മൂന്നുവർഷത്തേക്ക് ഹെലികോപ്റ്റർ വാടകയ്‌ക്കെടുക്കാനാണ് ആലോചന. നേരത്തെ സാമ്പത്തിക ധൂർത്തെന്ന വിമർശനങ്ങൾക്കിടെ പൊലീസ് വാടകയ്‌ക്കെടുത്ത ഹെലികോപ്റ്റർ ആഗസ്തിൽ താൽക്കാലികമായി ഉപേക്ഷിച്ചിരുന്നു. ഹെലികോപ്റ്റർ നൽകിയ പവൻ ഹാൻസ് കമ്പനിയുമായുള്ള കരാർ പുതുക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ആവശ്യം വരുന്ന ഘട്ടത്തിൽ വീണ്ടും ടെൻഡർ വിളിച്ച് ഹെലികോപ്റ്റർ കുറഞ്ഞ വാടകക്ക് എടുക്കുന്നത് പരിശോധിക്കാമെന്ന് ഡി.ജി.പി സർക്കാരിനെ അറിയിച്ചു.

മാവോയിസ്റ്റ് വേട്ട, പ്രകൃതിദുരന്തങ്ങൾക്കിടയിലെ രക്ഷാപ്രവർത്തനം എന്നിവയിലടക്കം സഹായിക്കാനാണ് പൊലിസ് ശിപാർശയുടെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ നേരത്തെ ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തിരുന്നത്. മാസം 1,44,60000 രൂപയും 18 ശതമാനം ജി.എസ്.ടിയും നൽകിയായിരുന്നു പവൻ ഹാൻസ് ലിമിറ്റഡ് എന്ന കമ്പനിയുമായുള്ള കരാർ. അധിക സാമ്പത്തിക ബാധ്യത തുടരുമ്പോൾ തന്നെ ഹെലികോപ്റ്റർ ഭൂരിഭാഗം സമയവും ഉപയോഗിക്കേണ്ടി വരുന്നില്ലാത്തത് കണക്കിലെടുത്താണ് ഉപേക്ഷിച്ചത്. ജീവൻരക്ഷാ ദൗത്യവുമായി തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് പോയതും, മാവോയിസ്റ്റ് നിരീക്ഷണത്തിനായി ചുരുക്കം ഘട്ടങ്ങളിൽ ഉപയോഗിച്ചതുമല്ലാതെ ഹെലികോപ്റ്റർ സ്ഥിരമായി എടുത്തിരുന്നില്ല. ചില മാസങ്ങളിൽ ഉപയോഗിക്കാതെ തന്നെ വാടക നൽകേണ്ടിയും വന്നിരുന്നു.

Full View

ഇതുവരെ 25 കോടിയിലധികം രൂപയാണ് ഹെലികോപ്റ്റർ വാടക ഇനത്തിൽ മാത്രം സർക്കാർ ചെലവാക്കിയത്. കരാർ പുതുക്കുമ്പോൾ വാടകയിൽ വർദ്ധനയ്ക്കും സാധ്യതയുണ്ടായിരുന്നു. ഇക്കാര്യങ്ങൾ പരിശോധിച്ച ശേഷമാണ് ഹെലികോപ്റ്റർ കരാർ പുതുക്കേണ്ടതില്ലെന്ന് പൊലീസ് മേധാവി അനിൽ കാന്ത് സർക്കാരിനെ അറിയിച്ചത്. പുതിയ ടെണ്ടർ വിളിച്ച് വാടക കുറഞ്ഞ ഹെലികോപ്ടറെടുക്കാമെന്നും കാണിച്ച് ആഭ്യന്തര വകുപ്പിന് ഡിജിപി കത്ത് നൽകി. ഒരു വർഷ കരാർ കാലാവധി തീർന്നതോടെ തിരുവനന്തപുരത്തുണ്ടായിരുന്ന AS 365 ഡൗഫിൻ എന്ന ഹെലികോപ്റ്റർ പവൻ ഹൻസ് കമ്പനി ഏപ്രിലിൽ തിരികെ കൊണ്ടുപോയിരുന്നു. നാല് മാസമായി പൊലീസിന് ഹെലികോപ്റ്ററില്ല.

സംസ്ഥാന സർക്കാർ വാടകക്കെടുത്തിരുന്ന ഹെലികോപ്റ്റർ ഇതുവരെ പറന്നത് 105.3 മണിക്കൂറാണ്. ഓരോ മണിക്കൂറും പറക്കാൻ സർക്കാരിന് ചെലവായത് 21.09 ലക്ഷം രൂപയാണ്. ഈ ഇനത്തിൽ 22. 21 കോടിരൂപയാണ് ആകെ ചിലവായത്. നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ആരോഗ്യ രക്ഷാ പ്രവർത്തനങ്ങൾ, വ്യോമ നിരീക്ഷണം, മാവോയിസ്റ്റുകളുടെ സഞ്ചാര പാത നിരീക്ഷണം, സംസ്ഥാനത്തെ അതിർത്തി, തീരപ്രദേശ, വനമേഖല, വിനോദ സഞ്ചാര, തീർഥാടന മേഖലകൾ എന്നിവയുടെ നിരീക്ഷണത്തിനും അടിയന്തര ഘട്ടത്തിൽ പൊലീസ് ഫോഴ്‌സിന്റെയും വിശിഷ്ഠ വ്യക്തികളുടെ യാത്രകൾക്കുമാണ് ഹെലികോപ്റ്റർ ഉപയോഗിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News