തൊടുപുഴയിൽ വിദേശ ജോലി വാഗ്ദാനം ചെയ്ത് സ്വകാര്യ സ്ഥാപനം ലക്ഷങ്ങള്‍ തട്ടിയെന്ന് പരാതി
അമ്പതിനായിരം രൂപ മുതൽ ഒരു ലക്ഷം രൂപ വരെ തട്ടിയെടുത്തെന്നാണ് ഇരയാക്കപ്പെട്ടവരുടെ പരാതി.
തൊടുപുഴ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് സ്വകാര്യ സ്ഥാപനം ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി. ആല്‍ഫ ഇന്‍ഫര്‍മേഷന്‍ എന്ന സ്ഥാപനത്തിനെതിരെയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി അമ്പതിലധികം പരാതികൾ പൊലീസിന് ലഭിച്ചത്.
ഒരു വര്‍ഷം മുമ്പ് തൊടുപുഴയില്‍ പ്രവര്‍ത്തനമാരംഭിച്ച സ്ഥാപനം വിദേശജോലി വാഗ്ദാനം ചെയ്ത് അമ്പതിനായിരം രൂപ മുതൽ ഒരു ലക്ഷം രൂപ വരെ തട്ടിയെടുത്തെന്നാണ് ഇരയാക്കപ്പെട്ടവരുടെ പരാതി.
പരസ്യം കണ്ടാണ് ഉദ്യോഗാർഥികൾ സ്ഥാപനവുമായി ബന്ധപ്പെട്ടത്. 60 ദിവസത്തിനുള്ളിൽ വിസ നൽകുമെന്നായിരുന്നു വാഗ്ദാനം. നേരിട്ടും ബാങ്ക് അക്കൗണ്ടിലൂടെയും പണം നൽകി.
മാസങ്ങൾ പിന്നിട്ടിട്ടും ജോലി ലഭിക്കാതെ വന്നതോടെ സ്ഥാപനവുമായി ബന്ധപ്പെട്ടെങ്കിലും തുടർ നടപടികളുണ്ടായില്ല. ഏതാനും നാളുകളായി സ്ഥാപനം തുറക്കാതെ വന്നതോടെയാണ് പണം നൽകിയവർ പൊലീസിൽ പരാതി നൽകിയത്.
തൊടുപുഴയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ജില്ലയ്ക്ക് പുറത്ത് പരസ്യം നൽകിയാണ് ഉദ്യോഗാർഥികളെ ആകർഷിക്കുന്നത്. വിദേശത്തേക്ക് ആളുകളെ റിക്രൂട്ട് ചെയ്യാൻ ലൈസൻസുള്ള ഒരു സ്ഥാപനവും തൊടുപുഴയിലില്ലെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പരാതിയിൽ തൊടുപുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.