പ്രിയങ്കാ ഗാന്ധി ഇന്ന് വയനാട്ടില്‍; മീനങ്ങാടിയിലും പനമരത്തും പൊഴുതനയിലും യോഗങ്ങളിൽ സംസാരിക്കും
നാളെ വയനാട് മണ്ഡലത്തിന്‍റെ ഭാഗമായ മലപ്പുറം ,കോഴിക്കോട് ജില്ലകളിലെ വിവിധ നിയോജക മണ്ഡലങ്ങളിലാണ് പരിപാടി
വയനാട്: വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്കാ ഗാന്ധി ഇന്ന് വയനാട്ടിലെത്തും. മീനങ്ങാടിയിലും പനമരത്തും പൊഴുതനയിലും യോഗങ്ങളിൽ സംസാരിക്കും. നാളെ വയനാട് മണ്ഡലത്തിന്‍റെ ഭാഗമായ മലപ്പുറം ,കോഴിക്കോട് ജില്ലകളിലെ വിവിധ നിയോജക മണ്ഡലങ്ങളിലാണ് പരിപാടി . എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരി ഇന്ന് വണ്ടൂർ ,ഏറനാട് മണ്ഡലങ്ങളിൽ പ്രചാരണത്തിനെത്തും.
അതേസമയം പഞ്ചായത്ത് തല കൺവെൻഷനുകൾ പൂർത്തിയാക്കി ചേലക്കര ഉപതെരഞ്ഞെടുപ്പിന്‍റെ അടുത്തഘട്ടത്തിലേക്ക് എല്‍ഡിഎഫ് കടന്നു. കഴിഞ്ഞ ദിവസങ്ങളിലേതു പോലെ കൺവെൻഷനുകളിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പങ്കെടുക്കും. യുഡിഎഫ് സ്ഥാനാർത്ഥി രമ്യാ ഹരിദാസിന്‍റെ മണ്ഡലത്തിലെ വോട്ടർമാരെ നേരിട്ടുകൊണ്ടുള്ള പ്രചാരണം തുടരുകയാണ്. ബിജെപി സ്ഥാനാർഥി കെ ബാലകൃഷ്ണനായി കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപിയും മുൻമന്ത്രി വി. മുരളീധരനും ഇന്ന് പ്രചാരണത്തിന് ഇറങ്ങും. ഡിഎംകെ സ്ഥാനാർഥി എൻ.കെ സുധീറിനായി പി വി അൻവർ എംഎൽഎയും മണ്ഡലത്തിൽ സജീവമാണ്.
ഇടഞ്ഞ് നിൽക്കുന്ന നേതാക്കളെ അടക്കം പങ്കെടുപ്പിച്ച് പാലക്കാട് മണ്ഡലത്തിൽ ഇന്ന് എന്‍ഡിഎ തെരഞ്ഞെടുപ്പ് കൺവെൻഷൻ നടക്കും. ഇ.ശ്രീധരൻ ഉദ്ഘാടനം ചെയ്യുന്ന കൺവെൻഷനിൽ ശോഭാ സുരേന്ദ്രൻ, പി.കെ കൃഷ്ണദാസ് തുടങ്ങിയവർ പങ്കെടുക്കും. UDF - LDF സ്ഥാനാർഥികൾ ഇന്ന് വീടുകൾ കയറിയുള്ള പ്രചാരണത്തിൽ സജീവമാകും. ബിജെപി പിന്തുണ തേടി സിപിഎം 1991 ൽ നൽകിയ കത്ത് വിവാദമായ പശ്ചാത്തലത്തിൽ സിപിഎം കേന്ദ്ര കമ്മറ്റിയംഗം എ.കെ ബാലൻ ഇന്ന് 11 മണിക്ക് മാധ്യമങ്ങളെ കാണും.