കന്നിയങ്കത്തിനായി പ്രിയങ്ക വയനാട്ടിലേക്ക്; ഒപ്പമുണ്ടാകുമെന്ന് രാഹുലിന്റെ ഗ്യാരന്റി
വയനാട്ടിലെ ജനങ്ങളെ പ്രതിനിധീകരിക്കുന്ന ഏറ്റവും മികച്ച അംഗമായി പ്രിയങ്ക മാറുമെന്ന് രാഹുൽ
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പോരാട്ടത്തിനായി പ്രിയങ്കാ ഗാന്ധി വയനാട്ടിലേക്ക്. രാഹുൽ മണ്ഡലമൊഴിഞ്ഞതോടെ എംപി സ്ഥാനത്തേക്ക് വയനാട്ടിൽ നിന്ന് പ്രിയങ്ക മത്സരിക്കും. പ്രിയങ്കയുടെ കന്നിയങ്കമാണ് വയനാട്ടിലേത്. വയനാടും റായ്ബറേലിയും ഒരുപോലെ പ്രിയങ്കരമെന്ന് പ്രിയങ്ക പ്രതികരിച്ചു
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ റായ്ബറേലിയിലും വയനാട്ടിലും രാഹുൽ വിജയിച്ചതോടെയാണ് ഒരു സീറ്റ് ഒഴിയാൻ തീരുമാനിച്ചത്. പിന്നാലെ ഇന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ നടന്ന യോഗത്തിൽ വയനാട് ഒഴിയാൻ തീരുമാനമെടുക്കുകയായിരുന്നു.
താനും പ്രിയങ്കയും ഒപ്പമുണ്ടാകുമെന്നാണ് വയനാടുകാർക്ക് രാഹുലിന്റെ ഗ്യാരന്റി. വയനാട്ടിലെ ജനങ്ങളെ പ്രതിനിധീകരിക്കുന്ന ഏറ്റവും മികച്ച അംഗമായി പ്രിയങ്ക മാറുമെന്നും വയനാട്ടിലെ എല്ലാ മനുഷ്യരോടും തനിക്ക് സ്‌നേഹമാണെന്നും രാഹുൽ പ്രതികരിച്ചു.