കുട്ടികളുടെ പഠിപ്പ് മുടക്കി നവകേരള സദസ്സിന്റെ വിളംബര ഘോഷയാത്ര; പരാതി നൽകുമെന്ന് യൂത്ത് കോൺഗ്രസ്
ഘോഷയാത്ര സമയത്ത് ആദ്യം വെയിലും പിന്നീട് മഴയുമുണ്ടായിരുന്നു. എന്നിട്ടുപോലും ഇതൊന്നും വകവെക്കാതെ മഴയും വെയിലും കൊള്ളിച്ചുകൊണ്ട് ഘോഷയാത്രയിൽ പങ്കെടുപ്പിച്ചുവെന്നതാണ് ആക്ഷേപം
തിരുവനന്തപുരം: സ്‌കൂൾ പഠനസമയത്ത് വിദ്യാർഥികളെ പങ്കെടുപ്പിച്ച് നവകേരള സദസ്സിന്റെ വിളംബര ഘോഷയാത്ര. തിരുവനന്തപുരം നെടുമങ്ങാട് ഗവൺമെന്റ് ഗേൾസ് ഹയർസെക്കന്ററി സ്‌കൂളിലെ വിദ്യാർഥിനികളെയാണ് പങ്കെടുപ്പിച്ചത്. സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തുവന്നു. ഇന്നലെ ഉച്ചക്ക് മൂന്നുമണിയോടുകൂടിയാണ് വിളംബര ഘോഷയാത്ര സംഘടിപ്പിച്ചത്.
ഘോഷയാത്ര സമയത്ത് ആദ്യം വെയിലും പിന്നീട് മഴയുമുണ്ടായിരുന്നു. എന്നിട്ടുപോലും ഇതൊന്നും വകവെക്കാതെ മഴയും വെയിലും കൊള്ളിച്ചുകൊണ്ട് ഘോഷയാത്രയിൽ പങ്കെടുപ്പിച്ചുവെന്നതാണ് ആക്ഷേപം. ഇതിനെതിരെയാണ് യൂത്ത്‌കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.
ചില അധ്യാപകരും പി.ടി.എ അംഗങ്ങളും ചേർന്നാണ് ഈ പരിപാടി സംഘടിപ്പിച്ചത്. ഇതിനെതിരെ പരാതി നൽകുമെന്നും യൂത്ത് കോൺഗ്രസ് അറിയിച്ചു. പഠനസമയത്ത് കുട്ടികളെ ഇത്തരം ഘോഷയാത്രകളിൽ പങ്കെടുപ്പിക്കരുതെന്ന് സർക്കാർ തന്നെ ഉത്തരവിറക്കിയിട്ടുണ്ട് ഈ ഉത്തരവ് ലംഘിച്ചാണ് ഇപ്പോൾ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.