ബംഗളൂരു ഹിറ ഫൗണ്ടേഷൻ ട്രസ്റ്റ് ചെയർമാൻ പ്രഫ. കെ. മൂസ നിര്യാതനായി
'മാധ്യമം' ദിനപത്രത്തിന്റെ ബംഗളൂരു എഡിഷന്റെ തുടക്കകാലം മുതലുള്ള രക്ഷാധികാരിയായിരുന്നു
ബംഗളൂരുവിലെ ഹിറ ഫൗണ്ടേഷൻ ട്രസ്റ്റിന്റെ സ്ഥാപക ചെയർമാൻ പ്രഫ. കളത്തിൽ മൂസ (76) നിര്യാതനായി. 'മാധ്യമം' ദിനപത്രത്തിന്റെ ബംഗളൂരു എഡിഷന്റെ തുടക്കകാലം മുതലുള്ള രക്ഷാധികാരിയായിരുന്നു. 40 വർഷമായി ബംഗളൂരുവിൽ ബിസിനസും ജീവകാരുണ്യ - സാമൂഹിക പ്രവർത്തനങ്ങളുമായി സജീവമായിരുന്നു. കണ്ണൂർ പാനൂർ കടവത്തൂർ സ്വദേശി കളത്തിൽ കുഞ്ഞമ്മദ് ഹാജിയുടെയും ആയിശയുടെയും മകനാണ്. ബംഗളൂരു ആർ.ടി നഗറിലെ എക്സ് സർവിസ്മെൻ കോളനിയിലെ വസതിയിലായിരുന്നു താമസം.
അലിഗഡ് സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം കോഴിക്കോട് ഫാറൂഖ് കോളജ്, കണ്ണൂർ തളിപ്പറമ്പ് സർസയ്യിദ് കോളജ് എന്നിവിടങ്ങളിൽ കൊമേഴ്സ് വിഭാഗം പ്രഫസറായിരുന്നു.
ജമാഅത്തെ ഇസ്‍ലാമി കേരള ഘടകത്തിന് കീഴിൽ ബംഗളൂരുവിൽ നിരവധി പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട അദ്ദേഹം, ബംഗളൂരു ഫ്രേസർ ടൗൺ കോൾസ് പാർക്കിലെ ഹിറ സെന്ററിന്റെയും നാഗർഭാവി ഇസ്ലാമിക് സെന്ററിന്റെയും നിർമാണത്തിലിരിക്കുന്ന വൈറ്റ്ഫീൽഡ് ഇസ്ലാമിക് സെന്ററിന്റെയും സാരഥിയാണ്.
മരണത്തിൽ ജമാഅത്തെ ഇസ്‍ലാമി അമീർ എം.ഐ അബ്ദുൽ അസീസ് അനുശോചനമറിയിച്ചു. നഷ്ടമായത് ജ്യേഷ്ഠ സഹോദരനെയാണെന്നും അമീർ ഫേസ്ബുക്കിൽ കുറിച്ചു.
ചൊവ്വാഴ്ച വൈകീട്ട് കോൾസ് പാർക്കിലെ ഹിറ സെൻററിൽ പൊതുദർശനത്തിന് വെച്ച മയ്യത്ത് രാത്രിയോടെ ജന്മനാട്ടിലേക്ക് കൊണ്ടുപോകും. ഖബറടക്കം ബുധനാഴ്ച രാവിലെ 9.30 ന് കടവത്തൂർ എരഞ്ഞിൻ കീഴിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.