മഞ്ജു വാര്യരോട് പ്രണയാഭ്യർത്ഥന നടത്തിയിരുന്നു, ഇതോടെ ഈ വിഷയം നിർത്തി: സനൽകുമാർ ശശിധരൻ

മഞ്ജു വാര്യർ നേരിടുന്ന ഭീഷണി താൻ പറയുകയായിരുന്നുവെന്നും ഭീഷണിയുണ്ടെന്ന കാര്യത്തിൽ ഉറച്ച് നിൽക്കുകയാണെന്നും സനൽകുമാർ ശശിധരൻ

Update: 2022-05-06 10:10 GMT
Advertising

കൊച്ചി: നടി മഞ്ജു വാര്യരോട് പ്രണയാഭ്യർത്ഥന നടത്തിയിരുന്നുവെന്നും എന്നാൽ ഇതോടെ ഈ വിഷയം നിർത്തിയെന്നും ജാമ്യത്തിലിറങ്ങിയ സംവിധായകൻ സനൽകുമാർ ശശിധരൻ. തന്നെ അപകീർത്തിപ്പെടുത്തിയെന്ന മഞ്ജു വാര്യരുടെ പരാതിയിൽ ഇന്നലെ അറസ്റ്റിലായ സംവിധായകൻ സനൽ കുമാർ ശശിധരൻ ഇന്ന് ജാമ്യം ലഭിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മഞ്ജു വാര്യർ നേരിടുന്ന ഭീഷണി താൻ പറയുകയായിരുന്നുവെന്നും ഭീഷണിയുണ്ടെന്ന കാര്യത്തിൽ ഉറച്ച് നിൽക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കുടുംബത്തോടൊപ്പം തീർത്ഥാടനത്തിന് പോകുകയായിരുന്ന തന്നെ ജാമ്യം കിട്ടുന്ന കേസിൽ തീവ്രവാദികളെ നേരിടുന്ന പോലെ ബലമായി പിടിച്ചുവെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം തന്നെ അറിയിച്ചാൽ പൊലീസിന് മുമ്പിൽ ഹാജരാകുമായിരുന്നുവെന്നും വ്യക്തമാക്കി. കരച്ചിൽ നിരായുധന്റെ ആയുധമാണെന്നും അതിനെ പരിഹസിക്കുന്നവരോട് ഒന്നും പറയാനില്ലെന്നും സംവിധായകൻ പറഞ്ഞു.

താൻ മഞ്ജുവിനെ പിന്തുടർന്ന് ശല്യം ചെയ്തുവെന്നത് നിഷേധിച്ച അദ്ദേഹം നടിയുമായി ആശയവിനിമയം നടത്തിയിട്ട് കുറേ നാളായെന്നും പറഞ്ഞു. താൻ സംവിധാനം ചെയ്യുകയും മഞ്ജുവാര്യർ അഭിനയിക്കുകയും ചെയ്ത 'കയറ്റം' സിനിമയുടെ റിലീസ് പ്രതിസന്ധി പറയാനാണ് അവരെ കാണാൻ ശ്രമിച്ചതെന്നും നടി ആരുടെയൊക്കെയോ തടവറയിലാണെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്നും സനൽകുമാർ വ്യക്തമാക്കി. കേരളത്തിലെ ക്രമസമാധാനനിലയെ കുറിച്ചുള്ള ആശങ്ക രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആലുവ മജിസ്‌ട്രേറ്റ് കോടതിയാണ് സനൽകുമാറിന് ജാമ്യം അനുവദിച്ചത്. സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് സനലിനെതിരെ ചുമത്തിയിരുന്നത്. പരാതി ബോധിപ്പിക്കാൻ ഉണ്ടെന്നും എന്നാൽ പൊലീസിനെതിരെ പരാതി ഇല്ലെന്നും സനൽ കുമാർ കോടതിയെ അറിയിച്ചു. അറസ്റ്റിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് കോടതിയിലെത്തിക്കും മുൻപ് സനൽകുമാർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

തനിക്കെതിരെ തുടർച്ചയായി അപവാദം പ്രചരിപ്പിച്ചെന്നും പിന്തുടർന്ന് ഭീഷണിപ്പെടുത്തിയെന്നുമുള്ള മഞ്ജു വാര്യരുടെ പരാതിയിൽ എളമക്കര പൊലീസാണ് സനൽകുമാറിനെ അറസ്റ്റ് ചെയ്തിരുന്നത്. കേസിൽ മഞ്ജു വാര്യരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു. പാറശ്ശാലയിൽ നിന്നാണ് സനൽകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്വകാര്യ വാഹനത്തിലായിരുന്നു പൊലീസ് സ്ഥലത്തെത്തിയത്. കസ്റ്റഡിയിലെടുക്കുന്നതിനെ അദ്ദേഹം ചെറുത്തു. നാടകീയ രംഗങ്ങൾക്കൊടുവിലാണ് സനൽകുമാർ അറസ്റ്റിലായിരുന്നത്. ഫേസ്ബുക്ക് ലൈവ് നൽകുകയും ചെയ്തിരുന്നു. തന്നെ കൊണ്ടുപോകാനെത്തിയത് പൊലീസുകാരല്ലെന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്നുമാണ് അദ്ദേഹം ലൈവിൽ പറഞ്ഞിരുന്നത്.


Full View

proposed to Manju Warrier: Sanalkumar Sasidharan 

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News