മാധ്യമ പ്രവർത്തകർക്കു നേരെയുണ്ടായ കയ്യേറ്റത്തിൽ പ്രതിഷേധം
കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്ത് നിന്നും അപകടം സംബന്ധിച്ച് ഇതര സംസ്ഥാന തൊഴിലാളികളോട് വിവരങ്ങൾ ആരാഞ്ഞ മാധ്യമ പ്രവർത്തകരെയും തടയാൻ ശ്രമം നടന്നിരുന്നു
മർക്കസ് നോളേജ് സിറ്റിയിലെ അപകട ദൃശ്യം പകർത്തിയ മാധ്യമപ്രവർകരുടെ ഫോൺ പിടിച്ചു വാങ്ങുകയും ചിത്രീകരിച്ച ദൃശ്യങ്ങൾ നശിപ്പിക്കുകയും കയ്യേറ്റശ്രമം നടത്തുകയും ചെയ്ത നോളേജ് സിറ്റി അധികൃതരുടെ നടപടിക്കെതിരെ കേരള റിപ്പോർട്ടേഴ്‌സ് & മീഡിയാ പേഴ്‌സൺസ് യൂനിയൻ (KRMU) കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. അപകട സ്ഥലത്തിന് സമീപം വെച്ച് KRMU കോഴിക്കോട് ജില്ലാ മീഡിയാ കൺവീനറും ടി ന്യൂസ് റിപ്പോർട്ടറുമായ മജീദ് താമരശ്ശേരിയെ ദൃശ്യങ്ങൾ പകർത്തുന്ന സമയത്ത് തടയുകയും, കേരള കൗമുദി ലേഖകൻ ജോൺസൺ ഈങ്ങാപ്പുഴയുടെ ഫോൺ ബലമായി പിടിച്ചു വാങ്ങി ദൃശ്യങ്ങൾ നശിപ്പിക്കുകയും ചെയ്തിരുന്നു.
അതേപോലെ കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്ത് നിന്നും അപകടം സംബന്ധിച്ച് ഇതര സംസ്ഥാന തൊഴിലാളികളോട് വിവരങ്ങൾ ആരാഞ്ഞ മാധ്യമ പ്രവർത്തകരെയും തടയാൻ ശ്രമം നടന്നിരുന്നു. മാധ്യമങ്ങളോട് സംസാരിച്ച തൊഴിലാളികളെ ഏതാനും പേർ ബലമായി പിടിച്ച് കൊണ്ട് പോകുകയും ചെയ്തു.ഇത്തരം പ്രവർത്തികൾ മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്നും കുറ്റക്കാർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും KRMU ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ഓൺലൈൻ ആയി കൂടിയ മീറ്റിംങ്ങിൽ KRMU കോഴിക്കോട് ജില്ലാ പ്രസിഡണ്ട് റഫീഖ് തോട്ടുമുക്കം അധ്യക്ഷനായ ചടങ്ങിൽ ജില്ലാ സെക്രട്ടറി ഫ്രാൻസിസ്,ട്രഷറർ ലാൽ കുന്നമംഗലം, ജില്ലാ കമ്മിറ്റി ഭാരവാഹികളായ വിനോദ് നിസരി , ഹബീബി, മുഹമ്മദ് കക്കാട്, ഫൈസൽ കൊടിയത്തൂർ ,നിബിൻ രാജ് എന്നിവർ സംസാരിച്ചു.