'പണം വാങ്ങി പിഎസ്‌സിയിൽ നിയമിക്കുന്ന രീതി പാർട്ടിക്കില്ല'- എംവി ഗോവിന്ദന്റെ മറുപടി
പാർട്ടി പരിശോധിച്ച് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
തിരുവനന്തപുരം: പിഎസ്‍സി നിയമന ആരോപണത്തിൽ പാർട്ടിയും സർക്കാരും വേണ്ട നടപടി എടുക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പണം വാങ്ങി പിഎസ്‌സി മെമ്പർമാരെ നിയമിക്കുന്ന രീതി സിപിഎമ്മിനില്ലെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
യോഗ്യരായിട്ടുള്ള ആളുകളെ മാത്രമേ പിഎസ്‌സിയുടെ സ്ഥാനങ്ങളിൽ നിയമിക്കൂ. അതിന് വിരുദ്ധമായി ആരെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അത് തെറ്റായ സമീപനമാണ്. പാർട്ടി പരിശോധിച്ച് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
സിപിഎം യുവനേതാവ് പിഎസ്‌സി അംഗത്വം വാഗ്‌ദാനം ചെയ്‌ത് കോഴ വാങ്ങിയെന്ന ആരോപണത്തിലായിരുന്നു വിവാദങ്ങളുടെ തുടക്കം. കോഴിക്കോട് സ്വദേശിയും ആരോഗ്യ മേഖലയിൽ പ്രവര്‍ത്തിക്കുന്ന ഒരാളിൽ നിന്ന് പണം കൈപ്പറ്റിയതായായിരുന്നു ആരോപണം.
മന്ത്രി മുഹമ്മദ് റിയാസ് വഴി കാര്യം നടത്താമെന്ന ഉറപ്പിൽ 60 ലക്ഷം രൂപയ്ക്കാണ് പദവി ഉറപ്പിച്ചത്. ആദ്യ ഗഡുവായി 22 ലക്ഷം രൂപ യുവനേതാവിന് നൽകിയെന്ന് പാര്‍ട്ടിക്ക് നൽകിയ പരാതിയിൽ പറയുന്നു. സിപിഎം ഏരിയാ തലത്തിൽ പ്രവര്‍ത്തിക്കുന്ന യുവ നേതാവിനെതിരായാണ് പരാതി.
വിശദമായ അന്വേഷണം നടക്കട്ടെയെന്ന നിലപാടിലാണ് മന്ത്രി പിഎ മുഹമ്മദ് റിയാസും. നിലവിൽ പൊലീസിന് പരാതി കൈമാറിയിട്ടില്ല.