പുതുപ്പള്ളി എം.എൽ.എയായി ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്തു

ചാണ്ടി ഉമ്മന് 37,213 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് പുതുപ്പള്ളിയില്‍ നിന്ന് വിജയിച്ചത്

Update: 2023-09-11 06:21 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: പുതുപ്പള്ളിയുടെ പുതിയ എം.എൽ.എയായി ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്തു. നിയമസഭയിലെത്തിയ ചാണ്ടി ഉമ്മൻ സ്പീക്കർക്കും മന്ത്രിമാർക്കും മുമ്പിൽ ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ നിന്നാണ് ചാണ്ടി ഉമ്മൻ നിയമസഭയിലേക്ക് എത്തിയത്. ഉമ്മൻചാണ്ടിയുടെ ഫോട്ടോയ്ക്ക് മുന്നിൽ പ്രാർത്ഥിച്ച് മറിയാമ്മ ഉമ്മൻ ചാണ്ടി ഉമ്മന് പേന കൈമാറിയിരുന്നു.

സത്യപ്രതിജ്ഞ ചെയ്ത ശേഷം ചാണ്ടി ഉമ്മൻ സ്പീക്കർക്കും മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാർക്കും ഹസ്തദാനം നൽകി. പിന്നീട് പ്രതിപക്ഷ നേതാവിനെയും എംഎൽഎമാരെയും കണ്ട ശേഷം നിയമസഭയിലെ തന്റെ കസേരയിലേക്ക് നടന്നുനീങ്ങി. സത്യപ്രതിജ്ഞ കാണുന്നതിനായി അമ്മയും ബന്ധുക്കളും സഭയിലെത്തിയിരുന്നു. ജനങ്ങൾ ഏൽപ്പിച്ച ഉത്തരവാദിത്വം വലുതാണ്. ഉമ്മൻ ചാണ്ടിയുടെ ഓർമകൾ മരിക്കുന്നില്ലെന്ന് സത്യപ്രതിജ്ഞക്ക് മുന്നോടിയായി ചാണ്ടി ഉമ്മൻ പറഞ്ഞു. ഇന്നത്തെ ദിവസം അദ്ദേഹം കൂടി ഉണ്ടാകണമെന്ന് ആഗ്രഹിച്ചു. കൂടെയില്ലെന്നത് വേദനയുള്ള കാര്യമാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞിരുന്നു.

സത്യപ്രതിജ്ഞക്ക് മുമ്പായി ആറ്റുകാൽ ദേവീക്ഷേത്രത്തിലും പാളയത്തെ ഓർത്തഡോക്‌സ് പള്ളിയിലും ചാണ്ടി ഉമ്മൻ സന്ദർശിച്ചിരുന്നു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന ചാണ്ടി ഉമ്മന് 37,213 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ചാണ്ടി ഉമ്മൻ്റെ സത്യപ്രതിജ്ഞയോട് അനുബന്ധിച്ച് കോൺഗ്രസ് പ്രവർത്തകർ പുതുപ്പള്ളിയിൽ പായസവിതരണം നടത്തി.

Full View





Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News