ദുരന്തമുഖത്ത് നിന്ന് കരകയറാതെ പുത്തുമല; വയനാട്ടിൽ പര്യടനം തുടർന്ന് മീഡിയവൺ 'ദേശീയപാത'

നഷ്ടപ്പെട്ട ജീവിത മാർഗങ്ങൾ തിരികെ ലഭിച്ചില്ല

Update: 2024-03-20 13:04 GMT
Advertising

കൽപ്പറ്റ:ദുരന്തമുഖത്ത് നിന്ന് കരകയറാനാകാതെ വയനാട് മേപ്പാടിയിലെ പുത്തുമല നിവാസികൾ. ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ട പലർക്കും വീട് ലഭിച്ചെങ്കിലും അവരുടെ ജീവിത മാർഗമായ കൃഷി തുടങ്ങാനായിട്ടില്ല. ഏക്കർ കണക്കിന് ഭൂമിയുണ്ടായിരുന്നവർക്ക് ഏഴ് സെൻറാണ് ലഭിച്ചിട്ടുള്ളത്. കാലിവളർത്തലുമായി ജീവിച്ചിരുന്നവർക്ക് അത് നഷ്ടപ്പെട്ടിരിക്കുകയാണ്. ദുരന്തത്തിന് ശേഷം ഒരു സഹായവും കിട്ടാത്ത ആളുകളുണ്ടെന്നാണ് പ്രദേശത്തെ ജനപ്രതിനിധി സുകന്യ പറയുന്നത്.

2019ലാണ് പുത്തുമലയിൽ ഉരുൾപൊട്ടലുണ്ടായത്. ഇതോടെ ഇവരുടെ ജീവിതത്തിലെ എല്ലാ പ്രതീക്ഷകളും ഒലിച്ചുപോകുകയായിരുന്നു. ദുരന്തം നടന്ന് അഞ്ചുവർഷം പിന്നിടുമ്പോഴും ഈ നാടിനെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ അധികാരികൾ തയ്യാറായിട്ടില്ലെന്നാണ് നാട്ടുകാരുടെ പരിഭവം. മീഡിയവൺ ദേശീയപാത യാത്രയാണ് പുത്തുമലയെ വീണ്ടും ജനശ്രദ്ധയിലെത്തിച്ചത്.

2019 ആഗസ്റ്റ് എട്ടിന് പുത്തുമലയിൽ മണ്ണിനടിയിൽ പുതഞ്ഞുപോയ 17 ജീവനുകളിൽ 12 പേരുടെ മൃതദേഹങ്ങളാണു പുറത്തെടുക്കാനായത്. അഞ്ചുപേരെ കണ്ടെത്താൻ പോലുമായില്ല. തോട്ടം തൊഴിലാളികൾ തിങ്ങിത്താമസിക്കുന്ന പുത്തുമല എന്ന ഈ ഗ്രാമം ഒരു മഹാദുരന്തത്തിന്റെ പേരായി മാറുകയായിരുന്നു പിന്നെ. ഉറ്റവരും ഉടയവരും പൊടുന്നനെ മരണക്കയത്തിലേക്ക് മാഞ്ഞുപോയത് അഞ്ച് വർഷങ്ങൾക്കിപ്പുറവും മറക്കാനാകുന്നില്ല ആർക്കും. ഓർമയായ പ്രിയപ്പെട്ടവർ ദൂരെ ദൂരെ ഒരു യാത്ര പോയതാണെന്ന് മനസ്സിനെ ധരിപ്പിക്കാൻ ശ്രമിച്ചു പരാജയപ്പെടുകയാണ് ഇവർ.


Full View


Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News