പുതുപെരിയാരം വൃദ്ധ ദമ്പതികളുടെ കൊലപാതകം;മകൻ പൊലീസ് പിടിയിൽ
പുതുപെരിയാരത്തെ വീട്ടിലെത്തിയ പ്രതിയെ നാട്ടുകാരുടെ സഹായത്താൽ പൊലീസിലേൽപ്പിച്ചു
പാലക്കാട് പുതുപെരിയാരത്ത് വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ മകൻ സനൽ പൊലീസ് പിടിയിൽ. മൈസൂരിൽ ഒളിവിൽ പോയിരുന്ന പ്രതിയെ സഹോദരൻ പാലക്കാട്ടേക്ക് വിളിച്ചു വരുത്തുകയായിരുന്നു. പുതുപെരിയാരത്തെ വീട്ടിലെത്തിയ പ്രതിയെ നാട്ടുകാരുടെ സഹായത്താൽ പൊലീസിലേൽപ്പിച്ചു.
ഇന്നലെയാണ് വൃദ്ധ ദമ്പതികളായ 65 കാരൻ ചന്ദ്രനെയും 55 വയസ്സുള്ള ദേവിയേയും വീടിനകത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. എറണാകുളത്തുള്ള മകൾ സൗമിനി രാവിലെ ഇവരെ ഫോണിൽ വിളിച്ച് കിട്ടാതായതോടെ സമീപവാസിയെ വിളിയ്ക്കുകയായിരുന്നു. തുടർന്ന് ബന്ധുക്കളെത്തി പരിശോധിച്ചപ്പോഴാണ് ഇരുവരെയും കൊല്ലപ്പെട്ട നിലയിൽ കാണുന്നത്. ദേവിയുടെ മൃതദേഹം സ്വീകരണമുറിയിലും, ചന്ദ്രന്റേത് കിടപ്പുമുറിയിലുമാണുണ്ടായിരുന്നത്.
ഇരുവരുടെയും ശരീരത്തിൽ ആഴത്തിലുള്ള മുറിവുകൾ ഉണ്ടായിരുന്നു. പാലക്കാട് എസ്.പി ആർ വിശ്വനാഥന്റെ നേതൃത്വത്തിലുള്ള സംഘം സംഭവ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു ഇന്നലെ ഇവരോടൊപ്പമുണ്ടായിരുന്ന മകൻ സനലിനെ രാവിലെ മുതൽ കാണാനുണ്ടായിരുന്നില്ല. ഇയാൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചിരുന്നു. മുംബൈയിൽ ജ്വല്ലറിയിൽ ജോലി ചെയ്തു വരികയായിരുന്ന സനൽ കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഏറെ നാളായി വീട്ടിലുണ്ട്. സനൽ ബംഗ്ളൂരുവിലേക്ക് കടന്നതായി പൊലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. മോഷണ ശ്രമം ഉണ്ടായിട്ടില്ലെന്നാണ് പൊലീസ് വ്യക്തമാക്കിയത്.