പുതുപ്പള്ളിയിൽ ഇന്ന് കലാശക്കൊട്ട്; വോട്ടെടുപ്പ് ചൊവ്വാഴ്ച
തിങ്കളാഴ്ച നിശബ്ദ പ്രചാരണത്തിനു ശേഷം ചൊവ്വാഴ്ച പുതുപ്പള്ളി പോളിങ് ബൂത്തിലേക്ക് നീങ്ങും.
കോട്ടയം: പുതുപ്പള്ളിയിൽ ഇന്ന് കലാശക്കൊട്ട്. പരസ്യപ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെ വലിയ ആവേശത്തിലാണ് മുന്നണികൾ. പാമ്പാടി കേന്ദ്രീകരിച്ചാകും കൊട്ടിക്കലാശം. മന്ത്രിമാർ അടക്കമുള്ള പ്രധാന നേതാക്കൾ എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക്ക് സി തോമസിനായി ഇന്ന് കളത്തിലിറങ്ങും. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉൾപ്പെടെയുള്ളവർ യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന് വേണ്ടിയും പ്രചാരണത്തിനിറങ്ങും. എൻ.ഡി.എ സ്ഥാനാർഥി ലിജിൻ ലാലും വിപുലമായ സന്നാഹങ്ങളോടെയാണ് പരസ്യപ്രചാരണം അവസാനിപ്പിക്കുക.
സ്ഥാനാർഥികളുടെ റോഡ് ഷോകളും ഇന്ന് നടക്കും. ഇടയ്ക്ക് ചെയ്യുന്ന മഴയെ അവഗണിച്ചാണ് പുതുപ്പള്ളിലെ പ്രചാരണം അവസാന മണിക്കൂറിൽ പുരോഗമിക്കുന്നത്. തിങ്കളാഴ്ച നിശബ്ദ പ്രചാരണത്തിനു ശേഷം ചൊവ്വാഴ്ച പുതുപ്പള്ളി പോളിങ് ബൂത്തിലേക്ക് നീങ്ങും.
ചാണ്ടി ഉമ്മനു വേണ്ടി കോൺഗ്രസ് പ്രവർത്തക സമിതി അംഗം ശശി തരൂർ ഇന്നലെ പ്രചാരണത്തിനെത്തി. ആവേശം വിതറിയാണ് തരൂരിന്റെ റോഡ് ഷോ പൂർത്തിയായത്. ചാണ്ടി ഉമ്മനായി പ്രചാരണത്തിന് ഇറങ്ങുന്നത് ഏറെ സന്തോഷമുള്ള കാര്യമാണെന്ന് തരൂർ മീഡിയവണിനോട് പറഞ്ഞു.
യു.ഡി.എഫിന്റെ താരപ്രചാരകനായാണ് തരൂർ എത്തിയത്. ഉമ്മൻ ചാണ്ടിയോടുള്ള ആത്മബന്ധം മണ്ഡലത്തിൽ പ്രകടമാണെന്നും ചാണ്ടി ഉമ്മന്റെ വിജയം പ്രതീക്ഷിക്കുന്നുവെന്നും തരൂർ മീഡിയവണിനോട് പറഞ്ഞു. റോഡ് ഷോ പൂർത്തിയാക്കിയ ശേഷം പാമ്പാടിയിലെ പൊതുസമ്മേളനത്തിലും തരൂർ പങ്കെടുത്തു. രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം സംസ്ഥാന സർക്കാരിനെ വിമർശിച്ചത്. പരസ്യപ്രചാരണത്തിന്റെ അവസാന ദിനമായ ഇന്നും തരൂർ പ്രചാരണത്തിന്റെ ഭാഗമാകും.