'മുഖ്യമന്ത്രിക്കും കുടുംബത്തിനും വിദേശത്ത് പോകാനാണ് കോടിയേരിയുടെ വിലാപയാത്ര ഒഴിവാക്കിയതെന്ന് ഒരു സഖാവ് പറഞ്ഞു': പി.വി അന്‍വര്‍
'കോടിയേരി സഖാവുണ്ടായിരുന്നെങ്കിൽ ഇന്ന് ഞാനിങ്ങനെ മൈക്കും വെച്ച് ഈ അവസ്ഥയിൽ ഇരിക്കേണ്ടിവരില്ലായിരുന്നു'
നിലമ്പൂർ: സിപിഎം സംസ്ഥാന സെക്രട്ടറിയും പി ബി അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്ണന് അർഹിച്ച അന്ത്യയാത്ര നൽകിയില്ലെന്ന് പി.വി അൻവർ എംഎൽഎ. കോടിയേരിയുടെ സംസ്കാരം നേരത്തേയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്‍റെയും യൂറോപ്യൻ യാത്രക്ക് വേണ്ടിയാണെന്ന് ഒരു സഖാവ് പറഞ്ഞെന്നും കോടിയേരിയുണ്ടായിരുന്നെങ്കിൽ ഇപ്പോഴത്തെ പ്രശ്നങ്ങളൊന്നും ഉണ്ടാകില്ലായിരുന്നുവെന്നും പി വി അൻവർ പറഞ്ഞു.
'കണ്ണൂരിലെ ഒരു സഖാവ് എനിക്ക് മെസേജ് അയച്ചിരുന്നു. ഞങ്ങളുടെ പ്രിയപ്പെട്ട നേതാവായിരുന്നു കോടിയേരി. ആ മനുഷ്യന്റെ മരണം നടന്നിട്ട് തിരുവനന്തപുരം എകെജി സെന്ററിൽ ഭൗതികശരീരം കൊണ്ടുപോയി വെച്ചില്ല. കേരളത്തിലുടനീളമുള്ള സഖാക്കൾ അതിനായി കാത്തിരുന്നതാണ്. ഒരു നേരത്തെ യാത്രയപ്പിന് കൈ ഉയർത്തി ഇൻക്വിലാബ് വിളിക്കാൻ കാത്തിരുന്ന ലക്ഷക്കണക്കിന് സഖാക്കളുണ്ടായിരുന്നു തിരുവനന്തപുരം മുതൽ കണ്ണൂർ വരെ. ഞങ്ങൾക്കാർക്കും കാണിച്ച് തന്നില്ല. അതിനുള്ള സാഹചര്യം ഒരുക്കിയില്ല. ചെന്നൈയിൽ നിന്നും നേരെ കണ്ണൂരിലെത്തിച്ചു. പിറ്റേന്ന് സംസ്‌കാരം നടത്തി. ഇത് അന്ന് വൈകീട്ട് മുഖ്യമന്ത്രിക്കും കുടുംബത്തിനും യൂറോപിലേക്ക് പോകാനായി ചെയ്തതാണ് എന്നതാണ് കണ്ണൂരിലെ സഖാവിന്റെ സന്ദേശം'- അൻവർ പറഞ്ഞു.
'കോടിയേരി സഖാവുണ്ടായിരുന്നെങ്കിൽ ഇന്ന് ഞാനിങ്ങനെ മൈക്കും വെച്ച് ഈ അവസ്ഥയിൽ ഇരിക്കേണ്ടിവരില്ലായിരുന്നു. വിഷയങ്ങളിൽ വ്യക്തമായി ഇടപെടുകയും അതിൽ പരിഹാരം ഉണ്ടാക്കുകയും ചെയ്യും ഏതൊരു പാവപ്പെട്ട സഖാവാണ് പറയുന്നതെങ്കിലും പരിഗണന നൽകുകയും ചെയ്യുമായിരുന്നു.' അൻവർ പറഞ്ഞു.