മലപ്പുറം എസ്പി ക്യാമ്പ് ഹൗസിലെ മരം മുറി; മരം ഉപയോഗിച്ച് അജിത് കുമാറും സുജിത് ദാസും ഫര്‍ണിച്ചര്‍ നിര്‍മിച്ചുവെന്ന് പി.വി അന്‍വര്‍
അജിത് കുമാര്‍ സര്‍ക്കാരിന് അനുകൂലിയല്ലെന്ന് മാത്രമല്ല അയാളൊരു സാമൂഹ്യ വിരുദ്ധനാണ്
മലപ്പുറം: എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെതിരെ പി.വി.അൻവർ എം.എൽ.എ. സംസ്ഥാനത്ത് ഉദ്യോഗസ്ഥ ഭരണം നടപ്പിലാക്കാനാണ് അജിത് കുമാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം മീഡിയവണിനോട് പറഞ്ഞു.
എം.എല്‍.എമാരെയും പൊതു പ്രവർത്തകരെയും ബഹുമാനിക്കരുത് എന്ന നിർദേശം അജിത് കുമാർ കീഴുദ്യോഗസ്ഥർക്ക് നൽകുന്നു. പൊതുജന വികാരം സർക്കാറിന് എതിരെ തിരിച്ച് വിടാൻ അജിത് കുമാർ ശ്രമിക്കുന്നു.മലപ്പുറത്തെ എസ്. പിയുടെ വസതിയിലെ മരം മുറിയിൽ സുജിത് ദാസിനും എം. ആർ അജിത് കുമാറിനും പങ്കുണ്ട്.മറുനാടൻ മലയാളി ഉടമ ഷാജൻ സ്‌കറിയയെ രക്ഷപെടാൻ സഹായിച്ചത് ആർ അജിത് കുമാർ ആണെന്നും അന്‍വര്‍ ആരോപിക്കുന്നു.
പി.വി അന്‍വറിന്‍റെ വാക്കുകള്‍
അജിത് കുമാര്‍ സര്‍ക്കാരിന് അനുകൂലിയല്ലെന്ന് മാത്രമല്ല അയാളൊരു സാമൂഹ്യ വിരുദ്ധനാണ്. അതാണെന്‍റെ വിലയിരുത്തല്‍. അദ്ദേഹവുമായി ബന്ധപ്പെട്ട ഒരുപാട് കാര്യങ്ങള്‍ കൃത്യമായി പറഞ്ഞിട്ടുണ്ട്. ഇനിയും പറയാന്‍ ഒരുപാട് കാര്യങ്ങളുണ്ട്. എന്‍റെ അനുഭവത്തില്‍ നിന്ന് എന്‍റെ പ്രധാനമായ വിഷയം ഞാന്‍ അദ്ദേഹവുമായി സംസാരിക്കുന്നത് ഷാജന്‍ സ്കറിയയുമായി ബന്ധപ്പെട്ട ലീഗല്‍ ഫൈറ്റിലാണ്. അതിലദ്ദേഹം ചെയ്ത കൊടുംചതി ..ഒരുപാട് കാര്യങ്ങളുണ്ട്. പൊലീസിന്‍റെ വയര്‍ലസ് ചോര്‍ത്തിയ സംഭവം ...ഗുരുതരമായ രാജ്യദ്രോഹക്കുറ്റമാണ്. സ്വഭാവികമായു വിശദമായ പരാതി തന്നെ ഞാന്‍ അദ്ദേഹത്തിനെതിരെ കൊടുത്തു. ഷാജൻ സ്കറിയക്കെതിരെ ഐ ടി ആക്റ്റിലെ ഗുരുതര വകുപ്പുകൾ ചുമത്താതിരിക്കാൻ കാരണം എം. ആർ അജിത്കുമാറാണ്.
ഷാജൻ സ്കറിയയിൽ നിന്നും അജിത് കുമാർ ഒന്നര കോടി രൂപ കൈകൂലി വാങ്ങി. രണ്ട് കോടിയാണ് ആവശ്യപ്പെട്ടത്. ബാക്കി 50 ലക്ഷം ഇപ്പോഴും അദ്ദേഹത്തിന് കിട്ടിയിട്ടില്ല. ഇയൊരു ഒന്നൊന്നര മാസത്തിനിടെ കിട്ടിയോ എന്നും അറിയില്ല. ഇത്രയും സാമൂഹ്യവിരുദ്ധനായ, സര്‍ക്കാര്‍ വിരുദ്ധനായ പാര്‍ട്ടിക്കെതിരെയും മുഖ്യമന്ത്രിക്കെതിരെയും അദ്ദേഹത്തിന്‍റെ കുടുംബത്തിനെതിരെയും നിരന്തരമായി കള്ളവാര്‍ത്തകള്‍ കൊടുക്കുന്ന രാജ്യദ്രോഹക്കുറ്റം കൂടി ചെയ്ത രാജ്യത്ത് വര്‍ഗീയത പടര്‍ത്താനായി തന്‍റെ എല്ലാ സോഴ്സുകളും ഉപയോഗിക്കുന്ന ഒരു രാജ്യദ്രോഹിയെ സഹായിക്കാന്‍ പണംവാങ്ങിയാല്‍ പിന്നെ എന്തു നിലവാരമാണ് ഈ നാടിനുള്ളത്. എന്താ തെളിവെന്ന് പലരും ചോദിച്ചു. അതിന്‍റെ ഒന്നാമത്തെ തെളിവ് എന്തുകൊണ്ട് 66 F ഇടുന്നില്ല. 66 F ഇട്ടാല്‍ ഷാജന്‍ സ്കറിയയുടെ ആളുകള്‍ അജിത് കുമാറിന്‍റെ കോളറിന് പിടിക്കും. കൊടുത്ത കാശ് തിരിച്ചുകൊടുക്കേണ്ടി വരും.
മുഖ്യമന്ത്രിയുടെ നമ്പര്‍ വണ്‍ ശത്രു എം.ആര്‍ അജിത് കുമാറാണ്. മരംമുറി ക്രൈംബ്രാഞ്ച് അന്വേഷിക്കണം. ഈ മരത്തിന്‍റെ നല്ലൊരു ഉരുപ്പടി..തേക്കിന്‍റെ കഷ്ണം ഉപയോഗിച്ച് അജിത് കുമാര്‍ ഡൈനിംഗ് ടേബിളുണ്ടാക്കി. സുജിത് ദാസാണ് മഹാഗണി മരം മുറിച്ചത്. ആ മഹാഗണി മരം കൊണ്ട് ഫര്‍ണിച്ചറുണ്ടാക്കി. തെളിവ് നശിപ്പിക്കാന്‍ പിന്നീട് സുജിത് ദാസ് ഈ ഫര്‍ണിച്ചര്‍ കത്തിച്ചു. അദ്ദേഹത്തിന്‍റെ അമ്മ സുജിത് ദാസുമായി ബന്ധമുള്ള ഒന്നു രണ്ടു പൊലീസ് ഉദ്യോഗസ്ഥരെ വിളിച്ച് സുജിത് ദാസിന് എന്തുപറ്റിയെന്ന് ചോദിക്കുകയാണ്.
സര്‍ക്കാരിന്‍റെ കോമ്പൗണ്ടിലുള്ള മരങ്ങളടക്കം എല്ലാത്തിനും റെക്കോഡുണ്ടാകും. എസ്.പി ഓഫീസില്‍ ഈ മരത്തിന് റെക്കോഡുണ്ട്. സ്വഭാവികമായും അത് മുറിച്ചാല്‍ അറിയും. പക്ഷെ പൊലീസിന്‍റെ ബുദ്ധിയാണല്ലോ? എസ്. പിയായ സുജിത് ദാസിൻ്റെ ഓഡിയോ ബോധപൂർവം പുറത്ത് വിട്ടതാണ് . താൻ ചെയ്തത് വഞ്ചനയാണെന്ന് എന്നറിയാം . തട്ടിപ്പ് പുറത്ത് വരാൻ ഇതല്ലാതെ മറ്റ് മാർഗമില്ലായിരുന്നു. തട്ടിപ്പുകാരെ കുറിച്ച് പൊതുജനങ്ങൾക്ക് വിവരങ്ങൾ നൽകാൻ മാറ്റ് മാർഗമെന്നും കണ്ടില്ല.ഇവരൊക്കെ ഇങ്ങനെയാണ് അതീ നാടറിയണം..ഈ പ്രപഞ്ചമറിയണം. ഇവരെ വിശ്വസിച്ചു നില്‍ക്കുന്ന എന്‍റെ പാര്‍ട്ടി അറിയണം. ഈ സര്‍ക്കാരറിയണം..എന്ന സദുദ്ദേശത്തില്‍ തന്നെ ചെയ്തതാണ്. ഇതല്ലാതെ വെറെന്തു വഴിയാണുള്ളത്. അദ്ദേഹത്തെ ഞാന്‍ ട്രാപ്പ് ചെയ്തു. കാരണം അദ്ദേഹം ഇതില്‍ കള്ളനാണെന്ന് എനിക്കറിയാം. ഒരുപാട് ആളുകളെ കണ്ണീര് കുടിപ്പിച്ചവരാണ് അജിത് കുമാറും സുജിത് ദാസുമടക്കമുള്ളവര്‍.
സാധാരണക്കാരായ ജനങ്ങളെ ഈ സര്‍ക്കാരിനെതിരാക്കാന്‍ എന്താണ് മാര്‍ഗമെന്ന് റിസര്‍ച്ച് നടത്തി ഡോക്ടറേറ്റ് വാങ്ങിയവനാണ് അജിത് കുമാര്‍. പാര്‍ട്ടിക്ക് വമ്പന്‍ ക്ഷീണമുണ്ടാകും. ഒരു തര്‍ക്കവുമില്ല. അഴിമതിയാരോപണങ്ങള്‍ കോടതിയുടെ നിരീക്ഷണത്തില്‍ സര്‍ക്കാര്‍ അന്വേഷണിക്കണം.