ക്യാമ്പ് ഹൗസിലെ മരം മുറിച്ച് എ.ഡി.ജി.പി അജിത് കുമാറും എസ്.പി സുജിത് ദാസും ഫർണിച്ചർ നിർമ്മിച്ചതായി പി.വി അൻവർ
വിവാദമായപ്പോൾ ഫർണിച്ചർ സുജിത് ദാസ് കത്തിച്ച് കളഞ്ഞെന്ന് എം.എൽ.എ
മലപ്പുറം: മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ ക്യാമ്പ് ഹൗസിലെ മരം മുറിയിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ ആരോപണം ഉയരുന്നു. എ.ഡി.ജി.പി എം. ആർ അജിത്കുമാറും , എസ്. പി സുജിത് ദാസും സർക്കാർ ഭൂമിയിലെ മരം ഉപയോഗിച്ച് ഫർണിച്ചർ നിർമ്മിച്ചതായി പി.വി അൻവർ എം എൽ എ മീഡിയ വണ്ണിനോട് പറഞ്ഞു. കുറഞ്ഞ വിലക്ക് മരം വിറ്റതിലും ക്രമകേട് നടന്നതായാണ് സംശയിക്കുന്നത്.
2020 ജനുവരി 21 ന് മലപ്പുറം സോഷ്യൽ ഫോസ്ട്രി അസിസ്റ്റൻ്റ് ഫോറസ്റ്റ് കൺസർവേറ്റർ ഒരു തേക്കിനും രണ്ട് മരങ്ങളുടെ ശിഖരങ്ങൾക്കുമായി 51533 രൂപയാണ് വില നിശ്ചയിച്ചത്. എന്നാൽ 2023 ജൂൺ 7 ന് 20500 രൂപക്കാണ് മരം ലേലം ചെയ്തത്. ഈ രേഖയിൽ അന്നത്തെ എസ്. പി സുജിത് ദാസ് ഒപ്പ് വെച്ചിട്ടുണ്ട്. പരാതിയുമായി അൻവർ മുന്നോട്ട് പോയാൽ ക്രമക്കേട് പുറത്ത് വരുമെന്ന് ഭയന്നായിരിക്കണം സുജിത് ദാസ് പരാതി പിൻവലിക്കണമെന്ന് പി. വി അൻവറിനോട് താഴ്മയോടെ ആവശ്യപെടുന്നത്.
തേക്കിൻ്റെ പ്രധാന ഭാഗങ്ങൾ കൊണ്ട് എ.ഡി ജി.പി എം. ആർ അജിത്കുമാർ ഫർണിച്ചർ ഉണ്ടാക്കി എന്ന് അൻവർ പറയുന്നു. സർക്കാർ രേഖയിൽ വന്നിട്ടില്ലാത്ത മഹാഗണി മരം മുറിച്ച് അന്നത്തെ എസ്.പിയും ഫർണിച്ചർ ഉണ്ടാക്കി. വിവാദമായപ്പോൾ ഇത് സുജിത് ദാസ് കത്തിച്ച് കളഞ്ഞതായും അൻവർ എം.എൽ.എ മീഡിയവണ്ണിനോട് പറഞ്ഞു
പുതിയ പരാതിയുടെയും,വിവാദത്തിൻ്റെയും പശ്ചത്തലത്തിൽ സർക്കാറിന് അന്വേഷണം നടത്തിയെ മതിയാകു. ആരോപണങ്ങൾ ശരിയായാൽ മരം മുറിച്ച സംഭവത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പടെ കുടുങ്ങും. നിലവിലെ എസ്.പി ശശിധരന് മരം മുറിയുമായി നേരിട്ട് ബന്ധമില്ല. സുജിത് ദാസ് എസ്.പിയായിരിക്കുമ്പോഴാണ് മരം മുറിയും, ക്രമക്കേടും നടന്നത്.