ഖത്തർ ലോകകപ്പ് മീഡിയവൺ പ്രവചന മത്സരം: അശ്വിൻ കൃഷ്ണ ഒന്നാമത്
മൂന്ന് ലക്ഷത്തിലധികം പേർ പങ്കെടുത്ത പ്രവചന മത്സരത്തിൽ 325 പോയിന്റ് നേടിയാണ് അശ്വിൻ ഒന്നാം സമ്മാനമായ ആപ്പിൾ 14 ഫോണിന് അർഹനായത്
കോഴിക്കോട്: ഖത്തർ ലോകകപ്പിന്റെ ഭാഗമായി മീഡിയവൺ സംഘടിപ്പിച്ച പ്രവചന മത്സരത്തിൽ ഒന്നാം സ്ഥാനം വടകര ഇരിങ്ങൽ സ്വദേശി അശ്വിൻ കൃഷ്ണക്ക്. മൂന്ന് ലക്ഷത്തിലധികം പേർ പങ്കെടുത്ത പ്രവചന മത്സരത്തിൽ 325 പോയിന്റ് നേടിയാണ് അശ്വിൻ ഒന്നാം സമ്മാനമായ ആപ്പിൾ 14 മൊബൈൽ ഫോണിന് അർഹനായത്. ഒരു കോടി 18 ലക്ഷത്തിലധികം പേരാണ് പ്രവചന മത്സരത്തിനായി തയ്യാറാക്കിയ മീഡിയവണിന്‍റെ പ്രത്യേക സൈറ്റ്, ലോകകപ്പ് കാലയളവിൽ സന്ദർശിച്ചത്.
പ്രവചനാതീതമായ ലോകകപ്പ് എന്നാണ് ഖത്തർ ലോകകപ്പിനെ ലോകം വിശേഷിപ്പിച്ചത്. കപ്പും കൊണ്ട് മെസ്സിപ്പട അർജന്റീനയിലേക്ക് മടങ്ങിയപ്പോൾ പ്രവചനത്തിൽ ജേതാക്കളായവരും നിരാശരായവരും നിരവധിയാണ് . മലയാളികളുടെ ഫുട്ബോൾ ആവേശത്തിന്റെ അളവ് തേടിയാണ് മീഡിയവൺ ലോകകപ്പ് പ്രവചന മത്സരം സംഘടിപ്പിച്ചത്. മത്സരത്തിൽ ദൈനംദിന സമ്മാനങ്ങൾക്കു പുറമെ മെഗാ സമ്മാനമായ ആപ്പിൾ 14 മൊബൈൽ ഫോണിന് അർഹനായത് വടകര ഇരിങ്ങൽ വൃന്ദാവനം വീട്ടിൽ അശ്വിൻ കൃഷ്ണയാണ്. 325 പോയിന്റ് നേടിയാണ് അശ്വിൻ കൃഷ്ണ ജേതാവായത്.
ലോകകപ്പ് നാളുകളിൽ ദിവസേനയുള്ള മത്സരത്തിൽ പങ്കെടുത്ത് കൃത്യമായ പ്രവചനം നടത്തി കൂടുതൽ പോയിന്റ് നേടിയവരാണ് ജേതാക്കളുടെ പട്ടികയിൽ എത്തിയത്. മലപ്പുറം സ്വദേശികളായ വി.കെ റാഷിദ് , പി.ടി കൃഷ്ണപ്രസാദ്, ഫസൽ റഹ്മാൻ, കണ്ണൂർ പാലത്തായിയിലെ സുഫൈൽ പി.കെ, കോഴിക്കോട് വട്ടക്കിണർ സ്വദേശിയായ സി ഷാനവാസ് എന്നിവരാണ് രണ്ടാം സമ്മാനമായ സ്മാർട്ട് വാച്ചിന് അർഹരായത്. മൂന്നാം സമ്മാനത്തിന് 10 പേരും നാലാം സ്ഥാനത്തിന് 34 പേരും അർഹരായി.