രാഹുൽ വയനാടിനെ വഞ്ചിച്ചു, പ്രിയങ്കയും അതുതന്നെ ചെയ്യും; സത്യൻ മൊകേരി

മികച്ച സാഹചര്യം ലഭിച്ചാൽ രാഹുൽ ചെയ്തതു പോലെ പ്രിയങ്കയും വയനാട് വിടുമെന്ന് എൽഡിഎഫ് സ്ഥാനാർഥി

Update: 2024-10-19 13:15 GMT
Advertising

കല്പറ്റ: വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചയാളാണ് രാഹുൽ ഗാന്ധിയെന്നും പ്രിയങ്കയും ഇതേ നിലപാട് സ്വീകരിക്കുമെന്നും എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരി. ജനങ്ങളുടെ രക്ഷകൻ എന്ന നിലയ്ക്കാണ് കോൺഗ്രസ് രാഹുലിനെ അവതരിപ്പിച്ചതെന്നും ജയിച്ചു കഴിഞ്ഞാൽ വയനാട്ടിലെ ജനങ്ങളോടൊപ്പവും അവരുടെ പ്രശ്‌നങ്ങൾക്കൊപ്പവും നിൽക്കുമെന്ന് പറഞ്ഞ അദ്ദേഹം ഇവിടെനിന്ന് പോയെന്നും സത്യൻ മൊകേരി പറഞ്ഞു.

ഇപ്പോഴത്തെ സ്ഥാനാർഥിയായ പ്രിയങ്കയും ഇതേ നിലപാട് സ്വീകരിക്കില്ലെന്നതിന് എന്ത് ഉറപ്പാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. മണ്ഡലത്തിലെത്തിയ മൊകേരിക്ക് പ്രവർത്തകർ നൽകിയ സ്വീകരണത്തിനിടെ മീഡിയവൺ വാർത്താ സംഘത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'ജയിച്ചു കഴിഞ്ഞാൽ വയനാട്ടിലെ ജനങ്ങളോടൊപ്പവും അവരുടെ പ്രശ്‌നങ്ങൾക്കൊപ്പവും നിൽക്കുമെന്നായിരുന്നു രാഹുൽ പറഞ്ഞത്. പക്ഷെ ജയിച്ചതിനു ശേഷം ആളുകളെ വഞ്ചിച്ചുകൊണ്ട് അദ്ദേഹം പോയി. വയനാട്ടിന് ജനപ്രതിനിധി ഇല്ലാതായതോടെയാണ് ഒരു ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. അതിൽ രാഹുലും കോൺഗ്രസും യുഡിഎഫും മറുപടി പറയണം'- സത്യൻ പറഞ്ഞു.

രാഹുലിന്റെ അതേ സമീപനം തന്നെ പ്രിയങ്കയും സ്വീകരിക്കുമെന്നും വയനാട്ടിനെക്കാൾ മികച്ച സാഹചര്യം ലഭിച്ചാൽ അവർ വയനാടിനെ ഉപേക്ഷിക്കുമെന്നും അദ്ദേഹം ആരോപിച്ചു.വയനാട്ടിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ അവർക്ക് കഴിയില്ല. ഇവിടെയുള്ള ആദിവാസി വിഭാഗത്തിലുള്ളവരോടും കർഷകരോടും സംസാരിക്കാൻ അവർക്ക് കഴിയില്ല. ജനങ്ങളോടൊപ്പം നിൽക്കാത്തവരെ ജനങ്ങൾ തന്നെ തോൽപ്പിച്ചിട്ടുണ്ട്. ഇന്ദിരാ ഗാന്ധിയെ തോൽപ്പിച്ചില്ലേ? രാഹുലും ലീഡർ കരുണാകരും തോറ്റില്ലേ?

അതെല്ലാം ജനങ്ങളെ ദ്രോഹിച്ചതുകൊണ്ടാണ്. തെറ്റുപറ്റിയതാണെന്ന് വയനാട്ടുകാർക്ക് മനസിലായെന്നും ഇത്തവണ അവർ അത് തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. അവരോടൊപ്പം നിൽക്കുന്ന പ്രസ്ഥാനത്തോടൊപ്പം നിൽക്കാനാണ് ജനങ്ങളുടെ തീരുമാനം. വയനാട്ടിൽ നിരവധി വന്യജീവി സംഘർഷത്തിൽ ആളുകൾ മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തപ്പോൾ രാഹുൽ എവിടെയായിരുന്നു? കോൺഗ്രസും രാഹുലും ജനങ്ങളുടെ താൽപര്യങ്ങൾക്ക് എതിരാണ്- സത്യൻ മൊകേരി കൂട്ടിച്ചേർത്തു.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News