രാഹുൽ ഗാന്ധിക്ക് സമ്മാനവുമായി എം.ടി വാസുദേവൻ നായർ; കേരളത്തെ അറിയാനുള്ള ആവേശത്തിലാണെന്ന് രാഹുൽ
രണ്ടാമൂഴത്തിന്റെയും നാലുകെട്ടിന്റെയും ഇംഗ്ലീഷ് പരിഭാഷയാണ് രാഹുലിന് സമ്മാനമായി നൽകിയത്
കോഴിക്കോട്: എഴുത്തുകാരൻ എം.ടി വാസുദേവൻ നായരുടെ കൃതികള്‍ അയച്ചു കിട്ടിയ സന്തോഷം പങ്കുവെച്ച് കോൺഗ്രസ് രാഹുൽ ഗാന്ധി. 'എം.ടി വാസുദേവൻ നായർ എന്ന 'യഥാർഥ മാസ്റ്റർ' എനിക്ക് നൽകിയ സമ്മാനങ്ങൾ എക്കാലവും ഞാൻ അമൂല്യമായി കണക്കാക്കുന്നു. എന്റെ പ്രിയപ്പെട്ട കേരളത്തെക്കുറിച്ച് കൂടുതൽ വായിക്കാനും അറിയാനുമുള്ള ആവേശത്തിലാണ് ഞാൻ' രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
എം.ടിയുടെ നോവലുകളായ രണ്ടാമൂഴത്തിന്റെയും നാലുകെട്ടിന്റെയും ഇംഗ്ലീഷ് പരിഭാഷയാണ് രാഹുൽഗാന്ധിക്ക് സമ്മാനമായി അയച്ചുനൽകിയിട്ടുള്ളത്. കോട്ടക്കൽ ആര്യവൈദ്യ ശാലയിൽ ചികിത്സക്കായി എത്തിയപ്പോൾ എം.ടി വാസുദേവൻ നായരെ രാഹുൽ ഗാന്ധി സന്ദർശിച്ചിരുന്നു. രാഹുലിന് സ്‌നേഹസമ്മാനമായി എം.ടി പേനയും കൈമാറിയിരുന്നു. ഇതിന്റെ ചിത്രങ്ങൾ രാഹുൽ സോഷ്യൽമീഡിയിയൽ പങ്കുവെക്കുകയും ചെയ്തിരുന്നു.
'ആധുനിക മലയാള സാഹിത്യത്തിലെ ഇതിഹാസവും ജ്ഞാനപീഠ പുരസ്‌കാര ജേതാവുമായ ശ്രീ എം.ടി വാസുദേവൻ നായരെ കേരളത്തിലെ കോട്ടക്കലിൽ വച്ച് കാണാൻ സാധിച്ചു. അദ്ദേഹം എനിക്കൊരു പേന സമ്മാനിച്ചു, അത് ഞാൻ എക്കാലവും കാത്തുസൂക്ഷിക്കുന്ന നിധിയായിരിക്കും. 90ാം വയസിൽ അദ്ദേഹത്തിന്റെ കണ്ണുകളിൽ അസാധാരണമായ വൈദഗ്ദ്ധ്യം കാണാനായത് പ്രചോദനാത്മകമാണെന്നായിരുന്നു രാഹുല്‍ ആ കൂടിക്കാഴ്ചയെക്കുറിച്ച് അന്ന് പറഞ്ഞത്.