ഹർഷിനയ്ക്കു പിന്തുണ പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി; മുഖ്യമന്ത്രിക്ക് കത്തെഴുതും
ഇന്നു വൈകീട്ട് വൈത്തിരി വില്ലേജിൽ വച്ചാണ് ഹർഷിനയും കുടുംബവും രാഹുൽ ഗാന്ധിയെ കണ്ടത്
കോഴിക്കോട്: നീതി ലഭിക്കുന്നതുവരെ ഒപ്പമുണ്ടാകുമെന്ന രാഹുൽ ഗാന്ധിയുടെ ഉറപ്പിന്‍റെ കരുത്തിൽ ഹർഷിനയും കുടുംബവും. സഹനസമരത്തിന്‍റെ 84-ാം ദിവസമാണ് രാഹുൽ ഗാന്ധിയെ കണ്ട് ഹർഷിനയും കുടുംബവും തങ്ങളുടെ ദുരിതവും നിസഹായതകളും വിവരിച്ചത്. രാഹുൽ ഗാന്ധി എല്ലാം കേള്‍ക്കുകയും മുഖ്യമന്ത്രിക്ക് കത്തെഴുതാമെന്നു പറയുകയും ചെയ്തെന്ന് ഹര്‍ഷിന പ്രതികരിച്ചു. വേണ്ട കാര്യങ്ങള്‍ ചെയ്യാമെന്ന് അറിയിച്ചിട്ടുണ്ടെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപ്രതിയിലെ പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കുടുങ്ങിയ കത്രികയുമായി അഞ്ചു വർഷത്തോളം താൻ അനുഭവിച്ച ദുരിതത്തെ കുറിച്ചും ഇപ്പോൾ നീതിതേടി സമരം തുടങ്ങിയപ്പോൾ സർക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന അവഗണനയെ കുറിച്ചും ഹർഷിന പറഞ്ഞപ്പോൾ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാൽ ഇതെല്ലാം രാഹുൽ ഗാന്ധിക്ക് വിശദീകരിച്ചുകൊടുത്തു.
വിവരങ്ങൾ കേട്ട രാഹുൽ ഗാന്ധി ഹർഷിനയെയും ഭർത്താവിനെയും കുട്ടികളെയും ചേർത്തുപിടിച്ചു ആശ്വാസം പകർന്നു. സഹനസമരം നടത്തുന്ന വനിതയോടുള്ള സർക്കാരിന്‍റെ അവഗണന അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി ഇടപെട്ട് നീതി ലഭ്യമാക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ വ്യക്തമാക്കി മുഖ്യമന്ത്രിക്ക് കത്തുനൽകുമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്നു വൈകീട്ട് വൈത്തിരി വില്ലേജിൽ വച്ചാണ് ഹർഷിനയും കുടുംബവും രാഹുൽ ഗാന്ധിയെ കണ്ടത്. സമരസമിതി ചെയർമാൻ ദിനേശ് പെരുമണ്ണയും കൺവീനർ മുസ്തഫ പാലാഴിയും കൂടെയുണ്ടായിരുന്നു. കൂടിക്കാഴ്ചയിൽ കെ.പി.സി.സി വർക്കിങ് പ്രസിഡന്‍റ് ടി. സിദ്ദിഖ് എം.എൽ.എ, ഡി.സി.സി പ്രസിഡന്‍റുമാരായ കെ. പ്രവീൺകുമാർ, എൻ.ഡി അപ്പച്ചൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. ഇപ്പോഴത്തെ ആരോഗ്യസ്ഥിതിയെ കുറിച്ചും രാഹുൽ ഗാന്ധി ഹർഷിനയോട് ചോദിച്ചറിഞ്ഞു.
Summary: Rahul Gandhi has assured that he will stand with Harshina and her family until justice is served in the forceps left inside her stomach during the delivery operation