ദുരന്തഭൂമി സന്ദർശിച്ച് രാഹുൽ ഗാന്ധി; രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തി

ദുരന്തമുണ്ടായ ഓരോയിടവും സന്ദർശിച്ച അദ്ദേഹം സൈന്യത്തോട് രക്ഷാപ്രവർത്തനമുൾപ്പെടെയുള്ളവയുടെ വിശദാംശങ്ങൾ ചോദിച്ചറിഞ്ഞു.

Update: 2024-08-02 10:06 GMT
Advertising

മേപ്പാട്: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമി സന്ദർശിച്ച് രാഹുൽ ഗാന്ധി എം.പി. ഇന്ന് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്ത രാഹുൽഗാന്ധി കാര്യങ്ങൾ വിലയിരുത്തിയിരുന്നു. ഇന്നലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയ അദ്ദേഹം, ബെയ്‌ലി പാലം കൂടി സജ്ജമായതോടെ ഇന്ന് ദുരന്തഭൂമിയിലേക്കും എത്തുകയായിരുന്നു.

ആദ്യം പുഞ്ചിമട്ടത്തേക്ക് പോയ രാഹുൽ ഗാന്ധി തുടർന്ന് മുണ്ടക്കൈയിലേക്ക് എത്തുകയായിരുന്നു. ദുരന്തമുണ്ടായ ഓരോയിടവും സന്ദർശിച്ച അദ്ദേഹം സൈന്യത്തോട് രക്ഷാപ്രവർത്തനമുൾപ്പെടെയുള്ളവയുടെ വിശദാംശങ്ങൾ ചോദിച്ചറിഞ്ഞു. പ്രിയങ്ക ഗാന്ധിയും കെ.സി വേണുഗോപാൽ എം.പിയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

ഇന്നലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച രാഹുൽ ഗാന്ധി പുനരധിവാസം ഉൾപ്പെടെയുള്ള സഹായങ്ങൾ വാഗ്ദാനം ചെയ്ത് ഇരകളായ കുടുംബങ്ങളെ ആശ്വസിപ്പിച്ചിരുന്നു. അതേസമയം, മുണ്ടക്കൈ ദുരന്തമേഖലയിൽ നാലാം ദിനവും രക്ഷാപ്രവർത്തനം ഊർജിതമായി പുരോഗമിക്കുകയാണ്.

ദുരന്തത്തിൽ ഇതുവരെ 338 പേരാണ് മരിച്ചത്. 205 മൃതദേഹങ്ങളും 133 പേരുടെ ശരീരഭാഗങ്ങളുമാണ് വിവിധയിടങ്ങളിൽ നിന്ന് കണ്ടെത്തിയത്. 200ലേറെ പേരെയാണ് ഇനിയും കണ്ടെത്താനുള്ളതെന്നാണ് വിവരം. മരിച്ചവരിൽ 27 കുട്ടികളും ഉൾപ്പെടുന്നു.

107 മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. 279 പോസ്റ്റ്മോർട്ടം പൂർത്തിയായി. ഇന്ന് രാവിലെ മുതൽ ആറ് ഭാഗങ്ങളായി തിരിഞ്ഞാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ഇന്നത്തെ മൃതദേഹങ്ങളിൽ കൂടുതലും കിട്ടിയത് ചൂരൽമല സ്‌കൂൾ റോഡിൽ നിന്നാണ്. രണ്ട് മൃതദേഹങ്ങളും വിവിധ ശരീരഭാഗങ്ങളും ചാലിയാറിൽ നിന്നും കണ്ടെത്തുകയും ചെയ്തു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News