ആൾക്കൂട്ടകൊല: രാഹുൽ ഗാന്ധിയുടെ മൗനം ദുരൂഹം -നാഷനൽ ലീഗ്

‘പ്രകോപനങ്ങൾ സൃഷ്ടിച്ച് കലാപങ്ങൾക്ക് കോപ്പുകൂട്ടുകയാണ് സംഘപരിവാറിന്റെ ലക്ഷ്യം’

Update: 2024-07-08 14:06 GMT
Advertising

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം രാജ്യവ്യാപകമായി മുസ്‍ലിംകൾക്ക് നേരെ നടക്കുന്ന സംഘടിത വർഗീയ ആക്രമണങ്ങൾ കടുത്ത ആശങ്ക ഉയർത്തുന്നുണ്ടെന്നും ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നും നാഷനൽ ലീഗ് സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി എൻ.കെ. അബ്ദുൽ അസീസ് പ്രസ്താവിച്ചു. ആൾക്കൂട്ട ആക്രമണങ്ങളും ഗോരക്ഷാ സേനയുടെ ആക്രമണങ്ങളും വർഗീയ ധ്രുവീകരണത്തിനുള്ള സംഘപരിവാറിന്റെ ആസൂത്രിത ശ്രമങ്ങളാണ്. പ്രകോപനങ്ങൾ സൃഷ്ടിച്ച് കലാപങ്ങൾക്ക് കോപ്പുകൂട്ടുകയാണ് ഇവരുടെ ലക്ഷ്യം.

ഇത്രയേറെ വർഗീയ പ്രശ്നങ്ങളിൽ രാജ്യം നീറിപ്പുകയുമ്പോഴും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രതിപക്ഷവും തുടരുന്ന മൗനം ദുരൂഹമാണ്. മുസ്ലിംകളെ അരികുവൽക്കരിക്കാനുള്ള സംഘപരിവാർ അജണ്ടകളെ തുറന്നുകാണിക്കുന്നതിന് പകരം പ്രതിപക്ഷം അവഗണിക്കുന്നത് ഗൗരവതരമാണ്.

ഉത്തർപ്രദേശിൽ പലയിടങ്ങളിലും മുസ്‍ലിംകൾക്ക് നേരെ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ധാരാളം പേർ കൊല്ലപ്പെടുകയും നിരവധി വീടുകൾ തകർക്കപ്പെടുകയും ചെയ്തു. ഗുജറാത്തിലും ഹിമാചൽപ്രദേശിലും സമാനമായ ആക്രമണങ്ങളാണ് നടക്കുന്നത്.

ബലി പെരുന്നാളിനോടനുബന്ധിച്ച് നിരവധിപേർ പശുക്കടത്തിന്റെ പേരിൽ അക്രമണങ്ങൾക്ക് ഇരകളായി. ഛത്തീസ്ഗഢിൽ മൂന്ന് പേരെയാണ് ഗോസംരക്ഷകർ കൊലപ്പെടുത്തിയത്. പലയിടങ്ങളിലും ഇത്തരത്തിലുള്ള ആക്രമണങ്ങൾ തുടരുകയാണ്. അക്രമികൾക്കെതിരെയും വർഗീയ കലാപ ശ്രമങ്ങളെയും ആക്രമണങ്ങളെയും തടയാനും കർശന നടപടി സ്വീകരിക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News