രാഹുലിനെ കാണാതായിട്ട് 17 വർഷം: കാത്തിരിപ്പ് അവസാനിപ്പിച്ച് ഒടുവിൽ അച്ഛനും യാത്രയായി
2005 മേയ് 18ന് ആലപ്പുഴ ആശ്രമം വാർഡിൽ രാഹുൽ നിവാസിൽ രാജു മിനി ദമ്പതികളുടെ മകനായ രാഹുൽ എന്ന മൂന്നാം ക്ലാസ്സുകാരനെ ദുരൂഹ സാഹചര്യത്തിലാണ് കാണാതാകുന്നത്
ആലപ്പുഴ: വർഷങ്ങൾക്ക് മുമ്പ് കാണാതായ രാഹുലിന്റെ അച്ഛൻ എ കെ രാജു ആത്മഹത്യ ചെയ്തു. ഭാര്യ മിനി വീട്ടിലില്ലാത്ത സമയത്താണ് രാജു ആത്മഹത്യ ചെയ്തത്. ആത്മഹത്യ ചെയ്യാൻ പോകുന്ന കാര്യം രാജു മിനിയെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
ഏഴ് വർഷം മുമ്പ് ആലപ്പുഴയിൽ നിന്ന് കാണാതായ രാഹുലിനെ കുറിച്ചുളള അന്വേഷണം സി.ബി.ഐ അവസാനിപ്പിച്ചിരുന്നു. കേസന്വേഷണത്തിൽ പുരോഗതിയില്ലാത്തത് കൊണ്ടാണ് കേസ് അവസാനിപ്പിക്കുന്നതെന്ന് എറണാകുളം സി.ജെ.എം കോടതിയെ സി.ബി.ഐ അറിയിച്ചു. കുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ഒന്നും ലഭിച്ചില്ല എന്ന് ചൂണ്ടിക്കാട്ടിയ സി.ബി.ഐ അന്വേഷണം അവസാനിപ്പിക്കാൻ അനുമതി തേടി കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു.
2005 മേയ് 18ന് ആലപ്പുഴ ആശ്രമം വാർഡിൽ രാഹുൽ നിവാസിൽ രാജു മിനി ദമ്പതികളുടെ മകനായ രാഹുൽ എന്ന മൂന്നാം ക്ലാസ്സുകാരനെ ദുരൂഹ സാഹചര്യത്തിലാണ് കാണാതാകുന്നത്. വീടിനു സമീപത്ത പറമ്പിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു രാഹുൽ. ആലപ്പുഴ പോലീസും ക്രൈം ഡിറ്റാച്ച്മെന്റ് സംഘവും അന്വേഷണം നടത്തിയിട്ടും പുരോഗതിയില്ലാത്തതിനെ തുടർന്ന് മുത്തച്ഛൻ ശിവരാമപണിക്കരുടെ പരാതിയെ തുടർന്ന് 2009 ലാണ് എറണാകുളം സി.ജെ.എം കോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്. രാഹുലിന്റെ കൂടെ കളിച്ചുകൊണ്ടിരുന്ന അയൽവാസിയായ ഒരു കുട്ടി രാഹുലിനെ ഒരാൾ കൂട്ടിക്കൊണ്ടുപോവുന്നത് കണ്ടു എന്ന് മൊഴി നൽകിയിരുന്നുവെങ്കിലും പിന്നീട് മൊഴി മാറ്റി. കേസിൽ സംശയയിക്കപ്പെട്ട രാഹുലിന്റെ അയൽവാസി റോജോയെ നാർക്കോ അനാലിസിസിന് വിധേയനാക്കിയിരുന്നു. കേസിൽ 25 സാക്ഷികളിൽ നിന്ന് മൊഴിയെടുത്തു.രാഹുലിനെക്കുറിച്ചുള്ള വിവരം നൽകുന്നവർക്ക് സിബിഐ ഒരു ലക്ഷം രൂപ ഇനാമും പ്രഖ്യാപിച്ചിരുന്നു.