ഈ ചെങ്ങാതിയല്ലേ പുതുപ്പള്ളിയിൽ പുതിയ ബസ് സ്റ്റാന്റ് വരാൻ ജെയ്ക്കിന് വോട്ട് ചെയ്യണമെന്ന് പറഞ്ഞത്,ഒത്തില്ല; പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍
എം. മുകേഷ് എം .എൽ.എയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍
കോഴിക്കോട്: കൊല്ലത്തെ കെ.എസ്.ആർ.ടി.സി ബസ്റ്റാന്റ് കെട്ടിടത്തിന്റെ നവീകരണത്തിന് ഫണ്ട് അനുവദിക്കാത്തതിൽ ഗതാഗതവകുപ്പിനെ വിമര്‍ശിച്ച എം. മുകേഷ് എം.എൽ.എയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. ''ഈ ചെങ്ങാതിയല്ലേ പുതുപ്പള്ളിയിൽ പുതിയ ബസ് സ്റ്റാന്റ് വരാൻ ജെയിക്കിന് വോട്ട് ചെയ്യണമെന്ന് പറഞ്ഞ് വോട്ട് ചോദിച്ചത്'' എന്ന് രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
രാഹുലിന്റെ കുറിപ്പ്
കെ.എസ്.ആര്.ടി.സി ബസ്സ് സ്റ്റാന്റ് അപകടാവസ്ഥയിൽ ആയിട്ടും നന്നാക്കുന്നില്ല എന്ന് ആരോപിച്ച് ഗതാഗത മന്ത്രിക്കെതിരെ മുകേഷ് എം.എല്‍.എ .... ഈ ചെങ്ങാതിയല്ലേ പുതുപ്പള്ളിയിൽ പുതിയ ബസ് സ്റ്റാന്റ് വരാൻ ജെയിക്കിന് വോട്ട് ചെയ്യണമെന്ന് പറഞ്ഞ് വോട്ട് ചോദിച്ചത് .... ഒത്തില്ല , ഒത്തില്ല
മുകേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്
പറയാതെ വയ്യ...
കൊല്ലം നഗര ഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന കെഎസ്ആർടിസി ബസ്റ്റാൻഡ് കെട്ടിടം അപകടാവസ്ഥയിൽ ആണെന്ന് മനസ്സിലാക്കിയതിനു ശേഷം ഒരു എംഎൽഎ എന്ന നിലയിൽ ഇടപെടാവുന്നതിന്റെ പരമാവധി ഇടപെടുകയും. ആദ്യം എംഎൽഎ ഫണ്ടിൽ നിന്നും ഒരു കോടിയും പിന്നീട് ആറ് കോടിയും നൽകാം എന്നു പറഞ്ഞ് ബന്ധപ്പെട്ട വകുപ്പിന് കത്ത് നൽകുകയും ചെയ്യുകയുണ്ടായി.
നിരവധി പ്രാവശ്യം നിയമസഭയിൽ ഇതുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ ചോദിക്കുകയും വിഷയങ്ങൾ അവതരിപ്പിച്ച് ആയതിന്റെ ഗൗരവം ബോധ്യപ്പെടുത്താൻ പരിശ്രമിക്കുകയും ചെയ്തിട്ടുണ്ട്. ഒന്നും രണ്ടും മന്ത്രിസഭകളിലെ വകുപ്പ് മന്ത്രിമാരോട് നേരിട്ട് കണ്ട് ബോധ്യപ്പെടുത്തിയിട്ടുണ്ട്......
കൊല്ലം ഡിപ്പോയ്ക്ക് അടിയന്തര ആവശ്യം വാണിജ്യ സൗധമല്ല... യാത്രികർക്ക് സുരക്ഷിതമായും ഭയരഹിതമായും കയറി നിൽക്കാൻ കഴിയുന്ന മിനിമം സൗകര്യമാണ്. അത് നൽകാൻ മാനേജ്മെന്റും വകുപ്പും തയ്യാറാവുന്നില്ലെങ്കിൽ വലിയ വില നൽകേണ്ടിവരും..