'അംഗനവാടിയിൽ പോയാലും ഇനി കോടതിയിൽ പോകില്ല'- ഇ.പി ജയരാജനെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ
വധശ്രമം, ക്രിമിനൽ ഗൂഢാലോചന എന്നീ വകുപ്പുകൾ ചുമത്താനാണ് പൊലീസിന് നിർദ്ദേശം നൽകിയിരിക്കുന്നത്.
വിമാനത്തുള്ളിലെ കൈയേറ്റത്തിൽ ഇ.പി ജയരാജനെതിരെ കേസെടുക്കണമെന്ന കോടതി നിർദേശത്തിൽ ജയരാജനെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ.
'അംഗനവാടിയിൽ പോയാലും ഇനി കോടതിയിൽ പോകില്ല : EP ജയരാജൻ'- എന്നാണ് രാഹുൽ പരിഹസിച്ചത്. ഇൻഡിഗോ വിമാനം മൂന്നാഴ്ച വിലക്കിയതിന് പിന്നാലെ ജയരാജൻ ഇൻഡിഗോ എയർലൈൻസ് ജയരാജൻ ബഹിഷ്‌കരിച്ചിരുന്നു.
ഇൻഡിഗോ വിമാനത്തിനുള്ളിൽവെച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനെതിരെ കേസെടുക്കാൻ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഹരജിയിലാണ് കോടതിയുടെ ഉത്തരവ്.
കേസെടുക്കാൻ വലിയ തുറ പൊലീസിന് കോടതി നിർദേശം നൽകി. വധശ്രമം, ക്രിമിനൽ ഗൂഢാലോചന എന്നീ വകുപ്പുകൾ ചുമത്താനാണ് പൊലീസിന് നിർദ്ദേശം നൽകിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ രണ്ട് പേഴ്‌സണൽ സ്റ്റാഫിനെതിരേയും കേസെടുക്കും. വിമാനത്തിൽ വെച്ച് ഇ പി ജയരാജനും മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫും ക്രൂരമായി മർദ്ദിച്ചെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദും നവീൻ കുമാറും ആരോപിച്ചിരുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോടതിയിൽ ഹരജി നൽകുകയായിരുന്നു.