വിദ്യാര്‍ഥിയോട് കയര്‍ത്ത് സംസാരിച്ച സംഭവത്തില്‍ മുകേഷിനോട് രാഹുൽ മാങ്കൂട്ടത്തിൽ-അന്തസ് വേണം മുകേഷേ അന്തസ്

'അവൻ വാങ്ങുന്ന ബുക്കിന്‍റെയും പേനയുടെയുമൊക്കെ നികുതി കൂടി ചേരുന്നതാണ് നിങ്ങളുടെ ശമ്പളം'

Update: 2021-07-04 11:36 GMT
Editor : Nidhin | By : Web Desk
Advertising

സഹായം അഭ്യർഥിച്ച് വിളിച്ച വിദ്യാർഥിയോട് മുകേഷ് എംഎൽഎ കയർത്തു സംസാരിച്ചുവെന്ന ആരോപണത്തിൽ പ്രതികരണവുമായി യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. അന്തസ് വേണം മുകേഷേ അന്തസ് എന്ന മുകേഷിന്റെ തന്നെ വിവാദമായ മറ്റൊരു ഫോൺ സംഭാഷണത്തിലെ വാക്കുകൾ വച്ചാണ് കുറിപ്പ് ആരംഭിക്കുന്നത്. അന്ന് അങ്ങനെ പ്രതികരിച്ചത് നിങ്ങളൊരു നടൻ മാത്രമായിരിക്കുമ്പോഴാണ് അപ്പോൾ എങ്ങനെ പ്രതികരിക്കണമെന്നത് നിങ്ങളുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്.

എന്നാൽ ഇപ്പോൾ മുകേഷ് എന്ന ജനപ്രതിനിധിക്ക് അവന് മറുപടി പറയേണ്ട ബാധ്യതയുണ്ടെന്ന് രാഹുൽ പറയുന്നു. 'അവൻ വാങ്ങുന്ന ബുക്കിന്റെയും പേനയുടെയുമൊക്കെ നികുതി കൂടി ചേരുന്നതാണ് നിങ്ങളുടെ ശമ്പളം' രാഹുൽ പറഞ്ഞു.

'സാർ എന്ന് പതിഞ്ഞ ദയനീയതയുടെ ശബ്ദത്തിൽ വിളിച്ച്, ഒരു അത്യാവശ്യ കാര്യം പറയാനാണെന്ന് പല കുറി പറഞ്ഞിട്ടും, നിങ്ങൾ അവനോട് ആക്രോശിക്കുന്നതിനിടയിൽ ഒരു തവണയെങ്കിലും അവനോട് ആ അത്യാവശ്യം എന്താണെന്ന് ചോദിക്കാനുള്ള കരളലിവ് നിങ്ങൾക്കില്ലെയെന്നും' രാഹുൽ ചോദിച്ചു.

പിന്നെ ഒറ്റപ്പാലം എംഎൽഎ ബഫൂണാണോ, ജീവനോടെയുണ്ടോ, മരിച്ചുപോയോ എന്നൊക്കെയുള്ള മുകേഷിന്റെ സംശയത്തിന് സ്ഥലം എംഎൽഎ അഡ്വ. കെ. പ്രേംകുമാർ മറുപടി പറയണമെന്നും രാഹുൽ പറഞ്ഞു.

ആ ശബ്ദത്തിനുടമയായ സഹോദരനെ അറിയുന്നവർ പറയുക, യൂത്ത് കോൺഗ്രസിന് സാധ്യമായ എല്ലാ സഹായവും ചെയ്യുമെന്നും രാഹുല്‍  വാഗ്ദാനം ചെയ്തു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

അന്തസ്സ് വേണം മുകേഷേ , അന്തസ്സ്.

നിങ്ങളുടെ തന്നെ വിഖ്യാതമായ ഒരു ഫോൺ സംഭാഷണത്തിലെ ഒരു വാചകമാണത്. അന്ന് നിങ്ങളെ ഫോൺ ചെയ്തത്, നിങ്ങളുടെ സിനിമ കണ്ട് ആരാധന തോന്നിയ വ്യക്തിയാണ്, അയാളോട് എങ്ങനെ പ്രതികരിക്കണമെന്നത് തികച്ചും വ്യക്തിപരമായ സംസ്കാരത്തിൻ്റെ ഭാഗമാണ്.

എന്നാൽ ഇപ്പോൾ ആ പത്താം ക്ലാസ്സുകാരൻ വിളിച്ചത് M മുകേഷ് എന്ന കൊല്ലം MLA യെയാണ്. അവന് മറുപടി കൊടുക്കേണ്ടുന്ന ബാധ്യത ഒരു ജനപ്രതിനിധിയെന്ന നിലയിൽ നിങ്ങൾക്കുണ്ട്. അവൻ വാങ്ങുന്ന ബുക്കിൻ്റെയും പേനയുടെയുമൊക്കെ നികുതി കൂടി ചേരുന്നതാണ് നിങ്ങളുടെ ശമ്പളം.

ആറ് തവണ വിളിച്ചതിൻ്റെ പേരിലാണോ ആ പതിനാറുകാരൻ്റെ നേർക്ക് നിങ്ങളുടെ ധിക്കാരവും, ധാർഷ്ട്യവും, അഹങ്കാരവും യഥേഷ്ടം വലിച്ചെറിഞ്ഞത്. നിങ്ങളുടെ നമ്പർ അവന് കൊടുത്തതിൻ്റെ പേരിൽ അവൻ്റെ കൂട്ടുകാരൻ്റെ ചെവിക്കുറ്റിക്കടിക്കണം എന്ന് പറയുന്ന നിങ്ങളെ തിരഞ്ഞെടുത്ത കൊല്ലത്തുകാരും നിങ്ങളുടെ നമ്പർ കൊടുത്താൽ ചെവിക്കുറ്റിക്കടിക്ക് വിധേയരാകണോ?

സാർ എന്ന് പതിഞ്ഞ ദയനീയതയുടെ ശബ്ദത്തിൽ വിളിച്ച്, ഒരു അത്യാവശ്യ കാര്യം പറയാനാണെന്ന് പല കുറി പറഞ്ഞിട്ടും, നിങ്ങൾ അവനോട് ആക്രോശിക്കുന്നതിനിടയിൽ ഒരു തവണയെങ്കിലും അവനോട് ആ അത്യാവശ്യം എന്താണെന്ന് ചോദിക്കാനുള്ള കരളലിവ് നിങ്ങൾക്കില്ലെ? ഒരുപാട് സാധാരണക്കാരൻ്റെ വിഷമങ്ങൾ കേട്ട്, നാടകങ്ങൾ സൃഷ്ടിച്ച ഒ മാധവൻ്റെ മകന് ഇങ്ങനെ ചെയ്യുവാൻ കഴിയുമോ?

പ്രിയ കൊല്ലംകാരെ, MLA യുടെ പേരറിയാത്തവരെ നേരിൽ കണ്ടാൽ ചൂരലിനു അടിക്കുമെന്ന് പറയുന്ന M മുകേഷാണ് നിങ്ങളുടെ MLA, അതിനാൽ ചൂരലിനടികൊള്ളാതിരിക്കുവാൻ അയാളുടെ പേര് പറഞ്ഞ് പഠിക്കുക.

പിന്നെ ഒറ്റപ്പാലം MLA ബഫൂണാണോ, ജീവനോടെയുണ്ടോ, മരിച്ചുപോയോ എന്നൊക്കെയുള്ള മുകേഷിൻ്റെ സംശയത്തിന് സ്ഥലം MLA അഡ്വ K പ്രേംകുമാർ മറുപടി പറയുക.

ആ ശബ്ദത്തിനുടമയായ സഹോദരനെ അറിയുന്നവർ പറയുക, യൂത്ത് കോൺഗ്രസ്സിന് സാധ്യമായ എല്ലാ സഹായവും ചെയ്യും...

Full View

Tags:    

Editor - Nidhin

contributor

By - Web Desk

contributor

Similar News