പ്രിയപ്പെട്ട റഹീം, പമ്പ് കൊളുത്തികളാകരുത് ഡിവൈഎഫ്‌ഐ എന്ന് പ്രവർത്തകരോട് പറഞ്ഞു കൊടുക്കണം- രാഹുൽ മാങ്കൂട്ടത്തിൽ
മറ്റ് സംഘടനകൾക്ക് നിരന്തരം "നിലവാര " സർട്ടിഫിക്കറ്റ് നല്കുന്ന താങ്കൾ DYFI യുടെ നിലവാരത്തെക്കുറിച്ച് വിശദമായി പരിശോധിക്കണം.
ഇന്ധനവില വർധനയ്‌ക്കെതിരേ ഡിവൈഎഫ്‌ഐ പ്രതിഷേധത്തിനിടെ പെട്രോൾ പമ്പിനു സമീപം വച്ച് കോലം കത്തിച്ച സംഭവത്തിൽ ഡിവൈഎഫ്‌ഐക്ക് ഉപദേശവുമായി രാഹുൽ മാങ്കൂട്ടത്തിൽ. ആദ്യംതാനിത് വിശ്വസിച്ചില്ലെന്നും ഡിവൈഎഫ്‌ഐ ഇത്രയും ബുദ്ധിശൂന്യത പെരുമാറില്ലെന്നാണ് താൻ വിചാരിച്ചതെന്നും രാഹുൽ പറഞ്ഞു. കോട്ടയം എംസി റോഡിൽ ചങ്ങനാശേരിക്കും അടൂരിനും ഇടയ്ക്കുള്ള പമ്പിലെത്തിയായിരുന്നു ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ കോലം കത്തിച്ചത്.
മറ്റ് സംഘടനകൾക്ക് നിരന്തരം നിലവാര സർട്ടിഫിക്കറ്റ് നൽകുന്ന റഹീം ഡിവൈഎഫ്‌ഐയുടെ നിലവാരത്തെക്കുറിച്ച വിശദമായി പരിശോധിക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടു.
പിന്നെ ഇന്ധന വിലയ്ക്കെതിരെ സമരം ചെയ്യുമ്പോൾ, പിണറായി വിജയനോട് പറയണം ഒരു 96 രൂപ വിലയുള്ള ലിറ്റർ പെട്രോളിന് 24 രൂപ സംസ്ഥാന നികുതിയാണ്, അത് ഒഴിവാക്കിയാൽ പോലും 72 രൂപയ്ക്ക് പെട്രോൾ കിട്ടുമെന്ന്- എന്നും രാഹുൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
''പ്രിയപ്പെട്ട റഹീം,
ഇന്ധനവിലയുടെ പേരിലെ നികുതി കൊള്ളയ്ക്കെതിരെ പമ്പിന് മുന്നിൽ DYFI കോലം കത്തിച്ച് സമരം നടത്തിയെന്ന് ചില ഫേസ്ബുക്ക് സ്‌റ്റോറികൾ കണ്ടപ്പോൾ ഞാൻ ആദ്യം വിശ്വസിച്ചില്ല. കാര്യം DYFI യൊക്കെ ആണെങ്കിലും അത്രയും ബുദ്ധിശൂന്യമായി പെരുമാറില്ലല്ലോ എന്ന് കരുതി. പക്ഷേ എൻ്റെ ഭാവനകൾക്കപ്പുറമാണ് DYFI യുടെ ബോധ നിലവാരം എന്ന് തിരിച്ചറിഞ്ഞത് വാർത്തകൾ വന്നപ്പോഴാണ്. അത് നിങ്ങൾ നിഷേധിച്ചും കണ്ടില്ലാ എന്നത് കൊണ്ടാണ് വിശ്വസിച്ചത്.
മറ്റ് സംഘടനകൾക്ക് നിരന്തരം "നിലവാര " സർട്ടിഫിക്കറ്റ് നല്കുന്ന താങ്കൾ DYFI യുടെ നിലവാരത്തെക്കുറിച്ച് വിശദമായി പരിശോധിക്കണം. താങ്കളുടെ ഭാഷയിൽ പറഞ്ഞാൽ വെറും SFI / ബാലസംഘം നിലവാരത്തിനും താഴെയാണ് അവരുടെ നിലവാരം.
പമ്പിൽ പന്തം കൊളുത്തുന്നത് പോയിട്ട് തീപ്പെട്ടി ഉരയ്ക്കുവാൻ പോലും പാടില്ലായെന്നും, അത് വലിയ അപകടമാണെന്നും പറഞ്ഞ് മനസിലാക്കണം. ഒരു നാട്ടിൽ അഗ്നി ദുരന്തമുണ്ടാകുവാൻ അത് മതി ..
പിന്നെ ഇന്ധന വിലയ്ക്കെതിരെ സമരം ചെയ്യുമ്പോൾ, പിണറായി വിജയനോട് പറയണം ഒരു 96 രൂപ വിലയുള്ള ലിറ്റർ പെട്രോളിന് 24 രൂപ സംസ്ഥാന നികുതിയാണ്, അത് ഒഴിവാക്കിയാൽ പോലും 72 രൂപയ്ക്ക് പെട്രോൾ കിട്ടുമെന്ന്. അതിനു ശേഷം ഞങ്ങൾ നടത്തുന്ന ഇന്ധന വിലയിലെ കേന്ദ്ര സർക്കാരിൻ്റെ നികുതി ഭീകരതയ്ക്കെതിരായ സമരത്തിൽ പങ്കാളിയാവുക....
അല്ലാതെ പമ്പ് കൊളുത്തികൾ ആകരുത് DYFI''