രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റ്; ക്ലിഫ് ഹൗസിലേക്ക് നാളെ യൂത്ത് കോൺഗ്രസ് നൈറ്റ് മാർച്ച്
കോട്ടയം, കണ്ണൂർ ജില്ലകളിലും നാളെ പ്രതിഷേധ മാർച്ച് നടക്കും
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ക്ലിഫ് ഹൗസിലേക്ക് നാളെ യൂത്ത് കോൺഗ്രസ് നൈറ്റ് മാർച്ച് നടത്തും. കോട്ടയം, കണ്ണൂർ ജില്ലകളിലും നാളെ പ്രതിഷേധ മാർച്ച് നടക്കും.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ സെഷൻസ് കോടതി ഈ മാസം 17-ന് പരിഗണിക്കുന്നതിനായി മാറ്റി. ഇതിനിടെ രാഹുലിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രസ്താവനയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കാൻ യൂത്ത് കോൺഗ്രസ് തീരുമാനിച്ചു. രാഹുലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ഇന്നലെ യൂത്ത് കോൺഗ്രസ് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിനെതിരെയും പൊലീസ് കേസെടുത്തു..
രാഹുലിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട വാക്പോര് ഇന്ന് മെഡിക്കൽ സർട്ടിഫിക്കറ്റിലേക്ക് വഴിമാറി. എം.വി ഗോവിന്ദനെതിരെ രാഹുലിന്റെ പേരിൽത്തന്നെ വക്കീൽ നോട്ടീസ് അയക്കാനാണ് യൂത്ത് കോൺഗ്രസ് തീരുമാനം. സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് തെളിയിക്കാൻ ഗോവിന്ദനെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രംഗത്തെത്തിയതോടെ പോര് കടുത്തു.
ഇതിനിടയിലാണ് ഇന്നലെ നടന്ന യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ചിനെതിരെ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് കേസെടുത്തത്. ഉദ്ഘാടകൻ ഷാഫി പറമ്പിൽ എം.എൽ.എയടക്കം 155 പേർക്കെതിരെയാണ് കേസ്. രാജ്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്‌ത എം.വി ഗോവിന്ദനെതിരെ കേസ് എടുക്കുമോയെന്നായിരുന്നു ഷാഫി പറമ്പിലിന്റെ ചോദ്യം. അറസ്റ്റിന്റെ സാങ്കേതിക നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടായി എന്നാണ് ജാമ്യാപേക്ഷ തള്ളിയതിനെതിരെ നൽകിയ അപ്പീലിൽ രാഹുലിന്റെ അഭിഭാഷകന്റെ വാദം. ഒപ്പം ആരോഗ്യപ്രശ്നങ്ങളും ചൂണ്ടിക്കാണിക്കുന്നുണ്ട്