തലസ്ഥാനം വെളളക്കെട്ടിൽ; തിരുവനന്തപുരത്ത് പലയിടങ്ങളും വെള്ളം കയറി
ചാല, പഴവങ്ങാടി, എസ്.എസ് കോവിൽ റോഡ് തുടങ്ങി താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.
തിരുവനന്തപുരം: കനത്ത മഴയിൽ തിരുവനന്തപുരത്തിന്റെ പലയിടങ്ങളും വെള്ളത്തിൽ മുങ്ങി. ചാല, പഴവങ്ങാടി, എസ്.എസ് കോവിൽ റോഡ് തുടങ്ങി താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. വരും മണിക്കൂറിൽ തെക്കൻ ജില്ലകളിൽ മഴ കനക്കുമെന്നും അടുത്ത 24 മണിക്കൂറിൽ കാലവർഷം സംസ്ഥാനത്ത് പ്രവേശിക്കുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന് പിന്നാലെ പെയ്ത പെരുമഴ തിരുവനന്തപുരം നഗരത്തെ അക്ഷരാർത്ഥത്തിൽ വെള്ളക്കെട്ടിൽ ആഴ്ത്തി. റോഡുകളിൽ വെള്ളം നിറഞ്ഞതോടെ പലയിടങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമായി. തലസ്ഥാനത്തെ പ്രധാന വ്യാപാര കേന്ദ്രമായ ചാല മാർക്കറ്റിനെയും വെള്ളക്കെട്ട് സാരമായി ബാധിച്ചു. പട്ടം, ഗൗരീശപട്ടം, പഴവങ്ങാടി, എസ് എസ് കോവിൽ റോഡ്, ബണ്ട് റോഡ്, കഴക്കൂട്ടം സർവീസ് റോഡ് തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിൽ മുങ്ങിയതോടെ ജന ജീവിതവും ദുസ്സഹമായി.
നിരവധി ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. കൊല്ലത്ത് 8 ക്യാമ്പുകളിലായി 877 പേരെയും, തിരുവനതപുരടത്ത് 5 ക്യാമ്പുകളിലായി 31 പേരെയുമാണ് മാറ്റിപാർപ്പിച്ചത്. ശക്തി കൂടിയ പടിഞ്ഞാറൻ കാറ്റിന്റെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് നിലവിൽ മഴ ലഭിക്കുന്നത്. അടുത്ത 24 മണിക്കൂറിൽ കാലവർഷം കൂടി സംസ്ഥാനത്ത് പ്രവേശിക്കുന്നതോടെ മഴ കൂടുതൽ കനക്കാനാണ് സാധ്യത.