വൈസ് ചാൻസലർമാരുടെ ഹിയറിങ് നടത്താനൊരുങ്ങി രാജ്ഭവൻ

വി.സിമാരുടെ ഹരജി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കാനിരിക്കെ നിയമോപദേശം കൂടി പരിശോധിച്ചാകും ഗവർണറുടെ ഇനിയുള്ള നീക്കങ്ങൾ.

Update: 2022-11-08 00:55 GMT
Advertising

തിരുവനന്തപുരം: കാരണം കാണിക്കൽ നോട്ടീസിന് വൈസ് ചാൻസലർമാർ മറുപടി നൽകിയ പശ്ചാത്തലത്തിൽ ഹിയറിങ് നടത്താനൊരുങ്ങി രാജ്ഭവൻ. വി.സി മാരുടെ ഹരജിയിലെ ഹൈക്കോടതി നിലപാട് കൂടി പരിഗണിച്ച ശേഷമാകും ഹിയറിങ് നടപടികളുമായി മുന്നോട്ടുപോവുക. അഞ്ച് വി.സിമാർ ഹിയറിങ് നടത്തണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി.

പത്ത് വി.സിമാരാണ് ഗവർണറുടെ നിർദേശപ്രകാരം കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകിയത്. ഇതിൽ അഞ്ചുപേർ നേരിട്ട് ഹിയറിങ് നടത്തണമെന്ന് ഗവർണർക്ക് നൽകിയ മറുപടിയിൽ ആവശ്യപ്പെട്ടു. ചിലർ അഭിഭാഷകനെ കൂടി ഹിയറിങ്ങിന് ഹാജരാകാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ചട്ടങ്ങൾ ലംഘിച്ചല്ല നിയമനം നടന്നതെന്ന വാദം തന്നെയാകും വി.സിമാർ ഹിയറിങ്ങിലും ഉന്നയിക്കുക. തന്റെ കേസ് സുപ്രിംകോടതിയുടെ പരിഗണയിലായതിനാൽ ഹിയറിങ്ങിന് ഹാജരാകില്ലെന്നും പകരം അഭിഭാഷകനെ അയക്കാമെന്നും കണ്ണൂർ വി.സി ഗോപിനാഥ് രവീന്ദ്രൻ രാജ്ഭവനെ അറിയിക്കും. അഭിഭാഷകൻ വഴിയാണ് കണ്ണൂർ വി.സി വിശദീകരണവും നൽകിയത്.

അതേസമയം വി.സിമാരുടെ ഹരജി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കാനിരിക്കെ നിയമോപദേശം കൂടി പരിശോധിച്ചാകും ഗവർണറുടെ ഇനിയുള്ള നീക്കങ്ങൾ. ഹിയറിങ്ങിന്റെ കാര്യത്തിലും കോടതിയുടെ നിലപാട് കൂടി അറിഞ്ഞശേഷം അന്തിമ തീരുമാനമെടുക്കും. ലഭിച്ച മറുപടികൾ തൃപ്തികരമല്ലെങ്കിൽ ഹിയറിങ്ങിന് ശേഷം കടുത്ത നടപടികളിലേക്ക് നീങ്ങാനാണ് ചാൻസലർ കൂടിയായ ഗവർണറുടെ നീക്കം. അങ്ങനെയെങ്കിൽ ഗവർണറുമായുള്ള പോര് രൂക്ഷമായ പശ്ചാത്തലത്തിൽ സർക്കാരിനും വി.സിമാർക്കും ഇത് തിരിച്ചടിയാകും.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News