സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പരാമർശം ഗൗരവതരമെന്ന് രാജ്ഭവൻ
രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ മനോഹരമായ ഭരണഘടനയാണ് ഇന്ത്യയുടേതെന്നായിരുന്നു മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശം
തിരുവനന്തപുരം: സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പരാമർശം ഗൗരവത്തോടെ കാണുന്നുവെന്ന് രാജ്ഭവൻ അറിയിച്ചു. മന്ത്രിയുടെ പ്രസംഗം പരിശോധിക്കുമെന്നും രാജ്ഭവൻ വ്യക്തമാക്കി. ഇതു സംബന്ധിച്ച് ഗവർണറുടെ പ്രതികരണം ഇന്നുണ്ടാകും. ഞായറാഴ്ച പത്തനംതിട്ട മല്ലപ്പള്ളിയിൽ നടന്ന സി.പി.എം പരിപാടിയിലായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം.
മന്ത്രിയുടെ പരാമർശത്തിനെതിരെ ഗവർണർക്ക് പരാതി ലഭിച്ചിരുന്നു. സാമൂഹിക പ്രവർത്തകൻ പായിച്ചിറ നവാസാണ് പരാതി നൽകിയത്. രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ മനോഹരമായ ഭരണഘടനയാണ് ഇന്ത്യയുടേതെന്നായിരുന്നു മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശം. ആര് പ്രസംഗിച്ചാലും അത് മികച്ചതാണെന്ന് താൻ സമ്മതിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. മതേതരത്വം, ജനാധിപത്യം എന്നിവ എഴുതിവച്ചിട്ടല്ലാതെ മറ്റൊന്നും ഭരണഘടനയിലില്ല. ബ്രിട്ടീഷുകാർ പറയുന്നതിനനുസരിച്ച് ചിലർ എഴുതിയതാണ് ഇന്ത്യൻ ഭരണഘടന-മന്ത്രി വിമർശിച്ചു.
''മനോഹരമായ ഭരണഘടനയാണ് ഇന്ത്യയിൽ എഴുതിവച്ചിട്ടുള്ളതെന്ന് നമ്മളെല്ലാം പറയും. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നതെന്ന് ഞാൻ പറയും. ബ്രിട്ടീഷുകാർ തയാറാക്കിക്കൊടുത്തൊരു ഭരണഘടന ഇന്ത്യക്കാർ എഴുതിവച്ചു. അത് ഈ രാജ്യത്ത് 75 വർഷമായി നടപ്പാക്കുന്നു. ആരു പ്രസംഗിച്ചാലും ഞാൻ സമ്മതിക്കില്ല. അതിൽ കുറച്ച് ഗുണങ്ങളൊക്കെ, മുക്കിലും മൂലയിലുമൊക്കെയുണ്ട്. മതേതരത്വം, ജനാധിപത്യം, കുന്തവും കൊടച്ചക്രവുമൊക്കെ അതിന്റെ മൂലയിൽ എഴുതിവച്ചിട്ടുണ്ട്. പക്ഷെ, കൃത്യമായി കൊള്ളയടിക്കാൻ പറ്റിയതാണ്.''- സജി ചെറിയാൻ പറഞ്ഞു.
തൊഴിലാളികളുടെ സമരം അംഗീകരിക്കാത്ത നാടാണ് ഇന്ത്യ. 1957ൽ ഇവിടെ സർക്കാർ അധികാരത്തിൽ വന്നപ്പോൾ ആദ്യം തീരുമാനിച്ച കാര്യം തൊഴിൽ നിയമങ്ങൾ സംരക്ഷിക്കണം, തൊഴിൽ നിയമങ്ങൾ നടപ്പാക്കണമെന്നായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിവാര രാഷ്ട്രീയ നിരീക്ഷണം എന്ന പേരിൽ മല്ലപ്പള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ഫേസ്ബുക്ക് രാഷ്ട്രീയ വിശകലന പരിപാടി നൂറു ലക്കം പിന്നിട്ടതിന്റെ ആഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു സജി ചെറിയാൻ. ജൂൺ മൂന്നിന് മല്ലപ്പള്ളി ഗാന്ധി പ്ലാസ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു, സംസ്ഥാന സമിതി അംഗം രാജു എബ്രഹാം, ജനതാദൾ സംസ്ഥാന അധ്യക്ഷൻ മാത്യു ടി. തോമസ് എം.എൽ.എ, പ്രമോദ് നാരായൺ എം.എൽ.എ തുടങ്ങി പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചിരുന്നു.