ആറ് രാജ്യസഭാ സീറ്റുകളില്‍ ഉപതെരഞ്ഞെടുപ്പ് ഒക്ടോബര്‍ നാലിന്: ജോസ് കെ. മാണി രാജിവച്ച സീറ്റിൽ പ്രഖ്യാപനമായില്ല
മുന്നണി മാറിയതിനെ തുടർന്ന് ജനുവരി പതിനൊന്നാം തീയതിയാണ് ജോസ് കെ. മാണി രാജ്യസഭ അംഗത്വം രാജിവെച്ചത്.
അഞ്ചു സംസ്ഥാനങ്ങളിലായി ആറു രാജ്യസഭാ സീറ്റുകളിലേക്ക് കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷൻ ഉപതെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ജോസ് കെ. മാണി രാജിവച്ച ഒഴിവിലെ ഉപതെരഞ്ഞെടുപ്പ് കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷൻ തൽക്കാലത്തേക്ക് തടഞ്ഞു. ആറു സീറ്റുകളിലേക്ക് അടുത്തമാസം നാലിനാണ് ഉപതെരെഞ്ഞെടുപ്പ്.
മുന്നണി മാറിയതിനെ തുടർന്ന് ജനുവരി പതിനൊന്നാം തീയതിയാണ് ജോസ് കെ. മാണി രാജ്യസഭ അംഗത്വം രാജിവെച്ചത്. 2024 ജൂലൈ ഒന്ന് വരെ കാലാവധി നിലനിൽക്കുമ്പോഴായിരുന്നു രാജി. ആറു മാസത്തിനുള്ളിൽ ഒഴിവ് നികത്തണമെന്നാണ് നിയമം. പിന്നീട് തെരെഞ്ഞെടുക്കപ്പെടുന്ന അംഗത്തിന് ബാക്കിയുള്ള കാലാവധി വരെ തുടരാം.
ഇതിനിടയിൽ ഹൈക്കോടതി ഇടപെടലിനെ തുടർന്ന് ജോൺ ബ്രിട്ടാസ്, വി .ശിവദാസൻ, അബ്ദുൽ വഹാബ് എന്നിവരെ തെരെഞ്ഞെടുപ്പ് നടത്തി കേരളം രാജ്യസഭയിലേക്ക് അയക്കുകയും ചെയ്തു. എന്നിട്ടും കോവിഡിന്‍റെ പേരിലാണ് ഉപതെരെഞ്ഞെടുപ്പ് വൈകിപ്പിക്കുന്നത്.
64 ദിവസം മുൻപ് രാജ്യസഭയിൽ നിന്ന് രാജിവച്ച തവർചന്ദ് ഗെലോട്ടിന്റെ ഒഴിവിലും ഉപതെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. മുൻ കേന്ദ്രമന്ത്രിയായ തവർ ചന്ദ് ഗെലോട്ട് ഇപ്പോൾ കർണാടക ഗവർണറാണ്.