തോട് വൃത്തിയാക്കേണ്ടത് കോർപറേഷനെന്ന് റെയിൽവേ, തള്ളി കോർപറേഷൻ; പരസ്യപ്പോര്
റെയിൽവേയുടെ ഭാഗത്താണ് വീഴ്ച വന്നതെന്ന് ചൂണ്ടിക്കാട്ടി മേജർ ഇറിഗേഷൻ വകുപ്പ് ജില്ലാ കലക്ടർക്ക് റിപ്പോർട്ട് നൽകി
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിലെ റെയിൽവേ ഭാഗത്തെ മാലിന്യനീക്കത്തിൽ പരസ്പരം പഴിചാരി കോർപ്പറേഷനും റെയിൽവേയും. നേരത്തെ മാലിന്യം നീക്കാൻ കോർപ്പറേഷൻ നോട്ടീസ് നൽകിയിട്ടില്ലെന്ന് റെയിൽവേ. എന്നാൽ അയച്ച നോട്ടീസുകളുടെ പകർപ്പ് കോർപ്പറേഷൻ പുറത്തുവിട്ടു.
റെയിൽവേ ഭൂമിയിലൂടെ ഒഴുകുന്ന ആമയിഴഞ്ചാൻ തോടിന്റെ ശുചീകരണം കഴിഞ്ഞ വർഷമാണ് റെയിൽവേ ഏറ്റെടുത്തത്. ഈ വർഷം മൺസൂണിന് മുമ്പേ പൂർത്തിയാക്കേണ്ട ശുചീകരണം വൈകിയതാണ് അപകടത്തിന് കാരണമെന്ന് കോർപ്പറേഷൻ ചൂണ്ടിക്കാട്ടി. എന്നാൽ തങ്ങളുടെ ഭാഗത്ത് വീഴ്ച വന്നിട്ടില്ല എന്നാണ് റെയിൽവേ അധികൃതരുടെ ന്യായീകരണം. ഖരമാലിന്യ സംസ്‌കരണ പ്ലാന്റുണ്ടെന്നും റെയിൽവേ അവകാശപ്പെട്ടു.
ഇതിനിടെ മാലിന്യം നീക്കാൻ അയച്ച നോട്ടീസുകൾ കോർപ്പറേഷൻ പുറത്തുവിട്ടു. ഏറ്റവും ഒടുവിലായി മാലിന്യം നീക്കണമെന്ന് ആവശ്യപ്പെട്ട് മെയ് 29ന് കളക്ടർ ഇറക്കിയ ഉത്തരവും ഇതിലുണ്ട്. റെയിൽവേയുടെ മാലിന്യം പോലും തോട്ടിലേക്കാണ് ഒഴുക്കുന്നത് എന്നതാണ് കോർപ്പറേഷന്റെ ആരോപണം. ഖര മാലിന്യ പ്ലാന്റ് ഉണ്ടെങ്കിൽ റെയിൽവേ അത് കാണിച്ചു തരട്ടെ എന്നായിരുന്നു മേയർ ആര്യ രാജേന്ദ്രന്റെ വെല്ലുവിളി.
തർക്കം മുറുകുന്നതിനിടെ റെയിൽവേ ഡിവിഷൻ മാനേജർ മേയറുമായി സംസാരിച്ചു. ഭാവി പ്രവർത്തനങ്ങളിൽ കോർപ്പറേഷന്റെ സഹായം റെയിൽവേ അഭ്യർത്ഥിച്ചു. ഇതിനിടെ റെയിൽവേയുടെ ഭാഗത്താണ് വീഴ്ച വന്നതെന്ന് ചൂണ്ടിക്കാട്ടി മേജർ ഇറിഗേഷൻ വകുപ്പ് ജില്ലാ കലക്ടർക്ക് റിപ്പോർട്ട് നൽകി.
ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യപ്രശ്‌നത്തിൽ പ്രതികരണങ്ങളുമായി ഇതിനിടെ മന്ത്രിമാരും രംഗത്തെത്തി. റെയിൽവേയുടെ പൂർണ സഹകരണം ഉണ്ടെങ്കിലേ മാലിന്യനിർമാർജനം നടക്കൂവെന്നായിരുന്നു മന്ത്രി റോഷി അഗസ്റ്റിന്റെ പ്രതികരണം. എന്നാൽ പരസ്പരം പഴി ചാരേണ്ടന്ന്് മന്ത്രി വി ശിവൻകുട്ടി നിലപാട് വ്യക്തമാക്കി.