മികച്ച ഭരണാധികാരിയും കഴിവുറ്റ സംഘാടകനും കോൺഗ്രസിന് മികച്ച മുതൽകൂട്ടായിരുന്നു വക്കം പുരുഷോത്തമൻ: രമേശ് ചെന്നിത്തല
രണ്ടു തവണ കേരള നിയമസഭയിൽ സ്പീക്കറും മൂന്നു തവണ മന്ത്രിയുമായിരുന്നു.
തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമന് അന്ത്യാജലി അർപ്പിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാഷ്ട്രീയ നേതാവും മികച്ച ഭരണാധികാരിയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന് അദ്ദേഹം എന്നും ഒരു മുതൽ കൂട്ടായിരുന്നു എന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
'അദ്ദേഹം ഭരണാധികാരി എന്ന നിലയിൽ കൊണ്ടു വന്ന നിയമനിർമ്മാണങ്ങൾ കേരളത്തിലെ സാമൂഹ്യ ജീവിതത്തിൽ തന്നെ വലിയ മാറ്റങ്ങൾ വരുത്തി. ആന്തമാൻ നിക്കോബാർ ഗവർണർ ആയിരിക്കുന്ന കാലത്ത് അവിടെ ഏറ്റവും കൂടുതൽ പുരോഗതി നടത്തിയതും അദ്ദേഹമാണ്. ഏത് പദവി ഏറ്റെടുത്താലും ആ പദവി ജനങ്ങൾക്ക് വേണ്ടി ഫലപ്രദമായി വിനിയോഗിച്ച കരുത്തനായ നേതാവായിരുന്നു. കോൺഗ്രസിനെ സംബന്ധിച്ചടത്തോളം വലിയ നഷ്ടം തന്നെയാണ്. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.' ചെന്നിത്തല പറഞ്ഞു.
ത്രിപുര മുൻ ഗവർണറും ആന്തമാൻ നിക്കോബാർ മുൻ ലെഫ്. ഗവർണറുമാണ്. രണ്ടു തവണ കേരള നിയമസഭയിൽ സ്പീക്കറും മൂന്നു തവണ മന്ത്രിയുമായിരുന്നു. രണ്ടു തവണ ആലപ്പുഴയിൽനിന്നുള്ള ലോക്സഭാ അംഗവുമായി.