ഓണക്കിറ്റ്; സർക്കാരിന്റെ ഭാഗത്ത് ഗുരുതര കൃത്യവിലോപം, ജനങ്ങള്‍ നിരാശരെന്ന് രമേശ് ചെന്നിത്തല
ഇതുവരെ 61 ലക്ഷത്തിലധികം ഓണക്കിറ്റുകള്‍ വിതരണം ചെയ്തു. ഇന്ന് ഉച്ചയോടെ വിതരണം 70 ലക്ഷം കവിയുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനില്‍.
ഓണക്കിറ്റ് വിതരണത്തില്‍ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഗുരുതര കൃത്യവിലോപമുണ്ടായെന്ന് രമേശ് ചെന്നിത്തല. ലക്ഷക്കണക്കിന് ആളുകൾക്ക് കിറ്റ് കിട്ടാത്ത അവസ്ഥയുണ്ടെന്നും അടിയന്തരമായി സർക്കാർ ഇടപെട്ട് പരിഹരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ഈ പ്രതിസന്ധിഘട്ടത്തില്‍ ഓണക്കിറ്റ് കിട്ടുമെന്ന് കാത്തിരുന്നവര്‍ക്ക് നിരാശപ്പെടേണ്ടിവന്നിരിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം, ഇതുവരെ 61 ലക്ഷത്തിലധികം ഓണക്കിറ്റുകള്‍ വിതരണം ചെയ്തെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനില്‍ വ്യക്തമാക്കി. ഇന്ന് ഉച്ചയോടെ വിതരണം 70 ലക്ഷം കവിയും. റേഷന്‍ കടകളില്‍ വരുന്നവർക്കെല്ലാം കിറ്റ് നല്‍കുമെന്നും മന്ത്രി പറഞ്ഞു.
ആഗസ്റ്റ് 16ഓടെ ഓണക്കിറ്റ് വിതരണം പൂർത്തീകരിക്കുമെന്ന് എല്ലാ റേഷൻ കടകളിലും നേരത്തേതന്നെ വലിയ വാൾ പോസ്റ്ററിലൂടെ അറിയിച്ചിരുന്നു. എന്നാല്‍ ഉത്രാട ദിവസമായിട്ടും കിറ്റ് വിതരണം പൂര്‍ത്തിയായിട്ടില്ല. കിറ്റിലെ വിഭവങ്ങളായ ഏലക്കായ, മിൽമ നെയ്യ്, ചെറുപയർ, മറ്റ് പായസ ഉത്പന്നങ്ങൾ എന്നിവ ആവശ്യത്തിന്ന് സ്റ്റോക്കില്ലാത്തത് കൊണ്ട് കിറ്റുവിതരണം മെല്ലപ്പോക്കിലായിരുന്നു.
ബുധനാഴ്ചയാണ് മാവേലി സ്റ്റോറുകളിൽ വിതരണത്തിന് ആവശ്യമായ സാധനങ്ങൾ എത്തിത്തുടങ്ങിയത്. ഉത്രാടദിവസമായ ഇന്ന് പരമാവധി പേരിലേക്ക് കിറ്റ് എത്തിക്കുന്നതിന് സ്റ്റോക്കില്ലാത്ത സാധനങ്ങൾക്ക് പകരം മറ്റ് വസ്തുക്കൾ ഉൾപ്പെടുത്താൻ നിർദേശം നൽകിയിട്ടുണ്ട്.