സുധാകരനെതിരായ സംസാരം മുഖ്യമന്ത്രിയുടെ നിലവാരത്തകര്‍ച്ച, മരകൊള്ളയില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ശ്രമം: ചെന്നിത്തല
കെ സുധാകരൻ ഓട് പൊളിച്ചു വന്ന ആളല്ലെന്നും രമേശ് ചെന്നിത്തല
മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിലവാരത്തകർച്ചയാണ് കെ സുധാകരനെതിരെ നടത്തിയ സംസാരമെന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ വൈകുന്നേരത്തെ പത്രസമ്മേളനം ജനങ്ങള്‍ കാണുന്നത് കോവിഡ് വിവരങ്ങള്‍ അറിയാനാണ്. പിണറായി വിജയന് എന്തും സംസാരിക്കാനുള്ള അവകാശമുണ്ട്. പക്ഷേ കേരളത്തിന്‍റെ മുഖ്യമന്ത്രിക്ക് ഒരു നിലവാരം വേണം. ആ നിലവാരത്തകര്‍ച്ചയാണ് ഇന്നലെ 26 മിനിറ്റ് കെപിസിസി പ്രസിഡന്‍റിനെതിരെ നടത്തിയ പത്രസമ്മേളനം തെളിയിക്കുന്നതെന്നും ചെന്നിത്തല വിമര്‍ശിച്ചു.
പ്രതിപക്ഷത്തെ കടന്നാക്രമിക്കാൻ മുഖ്യമന്ത്രി കോവിഡ് വാർത്താ സമ്മേളനങ്ങളെ ദുരുപയോഗം ചെയ്യുന്നു. ഇന്നലെ എല്ലാ സീമകളെയും അതിലംഘിച്ചുകൊണ്ടാണ് സുധാകരനെതിരെ മുഖ്യമന്ത്രി സംസാരിച്ചത്. മുഖ്യമന്ത്രിയുടെ നിലവാരത്തിന് ചേര്‍ന്ന നടപടിയാണോ ഇത് എന്ന് അദ്ദേഹം പരിശോധിക്കണം. സമചിത്തതയുടെ പാത സ്വീകരിക്കണം. ഇരിക്കുന്ന കസേരയുടെ മാഹാത്മ്യം മനസിലാക്കണം. കുട്ടിക്കാലത്ത് നടന്ന കാര്യങ്ങൾ ചികഞ്ഞെടുത്ത് പറയേണ്ട ഒരു കാര്യവുമില്ല. ശക്തമായി പ്രതിഷേധിക്കുന്നു. വളരെ ദൌര്‍ഭാഗ്യകരമായ നടപടിയാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഇന്നലത്തെ വാർത്താസമ്മേളനത്തിലൂടെ പുറത്ത് വന്നത് പിണറായി വിജയന്റെ യഥാർഥ മുഖമാണെന്നും ചെന്നിത്തല പറഞ്ഞു.
മുട്ടിൽ മരം മുറിയിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇങ്ങനെയൊക്കെ പറയുന്നത്. വനം കൊള്ളക്കാരെ സംരക്ഷിക്കാനാണ് ഇത്തരം നടപടി. കെ സുധാകരൻ ഓട് പൊളിച്ചു വന്ന ആളല്ലെന്നും ചെന്നിത്തല പറഞ്ഞു.
സുധാകരന്‍റെ മറുപടി ഇന്ന്
കെ സുധാകരനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മറുപടി രാഷ്ട്രീയ കേരളത്തിൽ സജീവ ചർച്ചയാകുന്നു. പിണറായി വിജയനും കെ സുധാകരനും നേർക്കുനേർ എന്ന നിലയിലേക്ക് കേരള രാഷ്ട്രീയം മാറുകയാണ്. ഇരുവരും തമ്മിലുള്ള രാഷ്ട്രീയ വൈരത്തിന്റെ മൂർച്ചയും വാക്കുകളിൽ പ്രകടമാണ്. മുഖ്യമന്ത്രിക്ക് ഇന്ന് രാവിലെ 11 മണിക്ക് മറുപടി നൽകുമെന്നാണ് കെ സുധാകരൻ അറിയിച്ചിരിക്കുന്നത്. എറണാകുളം ഡിസിസി ഓഫീസില്‍ വെച്ചാണ് മാധ്യമങ്ങളെ കാണുക.
പിണറായി വിജയനും കെ സുധാകരനും തമ്മിലുള്ള നേർക്ക് നേർ പോരാട്ടം ആദ്യമായിട്ടല്ല. ബ്രണ്ണൻ കോളജ് ക്യാംപസിൽ തുടങ്ങിയ അഭിപ്രായ വ്യത്യാസം പിന്നീട് കലുഷിതമായ കണ്ണൂർ രാഷ്ട്രീയത്തെയും ചൂടുപിടിപ്പിച്ചു. കണ്ണൂരിന്‍റെ മണ്ണിൽ ആധിപത്യമുറപ്പിക്കാൻ ഇരു പാർട്ടികളും മത്സരിച്ചപ്പോൾ ഒരു വശത്ത് പിണറായി വിജയനും മറുവശത്ത് കെ സുധാകരനും. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ അക്രമങ്ങളിലേക്ക് കടന്ന സാഹചര്യങ്ങൾ നിരവധി. ഇപ്പോൾ ഒരാൾ കേരളത്തിന്‍റെ മുഖ്യമന്ത്രിയും മറ്റേയാൾ കെപിസിസി അധ്യക്ഷനും. എന്നാൽ ഇരുവരുടെയും പോരിന് യാതൊരു കുറവുമില്ല.
പിണറായി വിജയനെ വിദ്യാർഥി രാഷ്ട്രീയ കാലത്ത് ഒറ്റച്ചവിട്ടിന് വീഴ്ത്തിയെന്ന സുധാകരന്‍റെ അവകാശ വാദമാണ് പുതിയ വിവാദങ്ങളുടെ തുടക്കം. പഴയ കാലം ഓർത്തെടുത്ത് പഴയ പാർട്ടി സെക്രട്ടറിയുടെ ഭാഷയിൽ മുഖ്യമന്ത്രിയുടെ മറുപടി. ബ്രണ്ണന്‍ കോളേജില്‍ പഠിക്കുന്ന കാലത്ത് തന്നെ ചവിട്ടി വീഴ്ത്തിയെന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പ്രസ്താവന വെറും സ്വപ്നം മാത്രമാണ്. ആര്‍ക്കും സ്വപ്നം കാണാന്‍ അവകാശമുണ്ട്. അതിന്റെ ഭാഗം മാത്രമാണ് സുധാകരന്റെ പ്രസ്താവനയെന്നും മുഖ്യമന്ത്രി പറഞ്ഞു. എതിരാളികളുടെ ആരോപണങ്ങൾക്ക് അതേ നാണയത്തിൽ തിരിച്ചടിക്കാറുള്ള കെ സുധാകരൻ മൗനം പാലിക്കില്ല. മുഖ്യമന്ത്രിക്ക് മറുപടിയുമായി കെ സുധാകരൻ ഇന്നെത്തും.