രൺജിത് വധം; ഒരാൾ കൂടി അറസ്റ്റിൽ
എറണാകുളത്ത് നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്
ആലപ്പുഴയിൽ ആർ.എസ്.എസ് നേതാവ് രൺജിത് ശ്രീനിവാസൻ കൊല്ലപ്പെട്ട കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. മുഖ്യപ്രതിയായ എസ്ഡിപിഐ പ്രവർത്തകൻ, ആര്യാട് സ്വദേശി അസ്ലമാണ് പിടിയിലായത്. എറണാകുളത്ത് നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ആർ.എസ്.എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ പങ്കാളികളായ ഒൻപതു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇനി മൂന്നു പേരാണ് അറസ്റ്റിലാകാനുള്ളത്. 14 പേരെ ഗൂഢാലോചനക്കേസിൽ അറസ്റ്റ് ചെയ്തു. കേസിൽ ആകെ മൊത്തം ഇതുവരെ 23 പേർ അറസ്റ്റിലായി.
ഡിസംബർ 20 ഞായറാഴ്ച രാവിലെയാണ് രൺജീത് കൊല്ലപ്പെട്ടത്. രൺജീത്തിനെ വീട്ടിലെത്തിയ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആറ് ഇരുചക്രവാഹനങ്ങളിലായി എത്തിയ 12 അംഗ കൊലയാളി സംഘമാണ് രൺജീത്തിനെ വധിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഘത്തിലെ എല്ലാവരെയും ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. നിലവിൽ പിടിയിലായവരിൽ നിന്നും മറ്റ് പ്രതികൾ എവിടെയാണ് എന്നതു സംബന്ധിച്ച് വിവരം ലഭിച്ചെന്നും പൊലീസ് പറഞ്ഞു. എസ്.ഡി.പി.ഐ നേതാവ് ഷാൻ വധക്കേസിലെ കൊലയാളി സംഘത്തിൽ ഉൾപ്പെട്ടവരടക്കം ഭൂരിപക്ഷം പ്രതികളും പിടിയിലായി കഴിഞ്ഞു. ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ഏതാനും പേർ കൂടി പിടിയിലാകാനുണ്ട്. ഇവർക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കാനുള്ള ആലോചനയിലാണ് അന്വേഷണസംഘം.