ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്ത ഫ്രറ്റേണിറ്റി നേതാക്കളെ നിരുപാധികം വിട്ടയക്കണം: റസാഖ് പാലേരി
ഹരിയാനയിലെ ബുൾഡോസർ ഭീകരതക്കെതിരെ ഡൽഹിയിലെ ഹരിയാന ഭവന് മുന്നിൽ പ്രതിഷേധിച്ച ഫ്രറ്റേണിറ്റി നേതാക്കളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
കോഴിക്കോട്: ഹരിയാനയിലെ മുസ്‌ലിംകൾക്കെതിരായ ബുൾഡോസർ ഭീകരതയിൽ പ്രതിഷേധിച്ചതിന്റെ പേരിൽ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്ത ഫ്രറ്റേണിറ്റി നേതാക്കളെ നിരുപാധികം വിട്ടയക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. ഫ്രറ്റേണിറ്റി മൂവ്മെന്റ് അഖിലേന്ത്യ ജനറൽ സെക്രട്ടറി ലുബൈബ് ബഷീർ, മേവാത്ത് സ്വദേശിയും ഫ്രറ്റേണിറ്റി ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ ഷാരൂഖ്, ഫ്രറ്റേണിറ്റി മേവാത്ത് യൂണിറ്റ് സെക്രട്ടറി ആബിദ് ഹുസൈൻ, ഫ്രറ്റേണിറ്റി ഡൽഹി യൂണിവേഴ്സിറ്റി വൈസ് പ്രസിഡന്റ് നഹല എന്നിവരെയാണ് ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഹരിയാനഭവന് മുന്നിൽ പ്രതിഷേധിച്ച വിദ്യാർഥികളെ പ്രകോപനമില്ലാതെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തതെന്നും റസാഖ് പാലേരി പറഞ്ഞു.
കുറിപ്പിന്റെ പൂർണരൂപം:
ഹരിയാനയിലെ മുസ്‌ലിംകൾക്കെതിരായ ബുൾഡോസർ ഭീകരതയിൽ പ്രതിഷേധിച്ച് ഹരിയാന ഭവൻ ഉപരോധിച്ച വിവിധ വിദ്യാർത്ഥി നേതാക്കളെ ഡീറ്റെയിൻ ചെയ്ത ഡൽഹി പോലീസ് നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്.
ഫ്രറ്റേണിറ്റി മൂവ്മെന്റ് അഖിലേന്ത്യ ജനറൽ സെക്രട്ടറി ലുബൈബ് ബഷീർ, മേവാത്ത് സ്വദേശിയും ഫ്രറ്റേണിറ്റി ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ ഷാരൂഖ്, ഫ്രറ്റേണിറ്റി മേവാത്ത് യൂണിറ്റ് സെക്രട്ടറി ആബിദ് ഹുസൈൻ, ഫ്രറ്റേണിറ്റി ഡൽഹി യൂണിവേഴ്സിറ്റി വൈസ് പ്രസിഡന്റ് നഹല തുടങ്ങി നിരവധി പേരെയാണ് അകാരണമായി പോലീസ് ബലം പ്രയോഗിച്ച് മന്ദിർ മാർഗ് സ്റ്റേഷനിൽ തടഞ്ഞു വെച്ചിരിക്കുന്നത്.
വിദ്യാർത്ഥികളുമായി ഇപ്പോൾ ഫോണിൽ ബന്ധപ്പെട്ടു. ആക്രമികൾക്കെതിരെ നടപടികൾ സ്വീകരിക്കാത്ത ഹരിയാന സർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ച് ഒരുമിച്ചു കൂടിയ വിദ്യാർത്ഥികൾക്കെതിരിൽ പ്രകോപനം ഒന്നുമില്ലാതെ തന്നെ പോലീസ് ബലം പ്രയോഗിക്കുകയായിരുന്നു.
മുഴുവൻ പേരെയും നിരുപാധികം വിട്ടയക്കാൻ പോലീസ് തയ്യാറാകണം. ഹരിയാനയിലെ സംഘ് പരിവാർ അതിക്രമങ്ങൾക്കെതിരിൽ മൗനം വെടിഞ്ഞു തെരുവിൽ ശബ്ദമുയർത്തിയ മുഴുവൻ വിദ്യാർത്ഥി സുഹൃത്തുക്കൾക്കും അഭിവാദ്യങ്ങൾ!