ജനാധിപത്യ - മതനിരപേക്ഷ ഇന്ത്യയുടെ വീണ്ടെടുപ്പിന് കരുത്ത് പകരുന്ന തെരഞ്ഞെടുപ്പ് ഫലം: റസാഖ് പാലേരി
'മോദി നേരിട്ട് നയിച്ച വിദ്വേഷ പ്രചാരണങ്ങൾക്ക് ശേഷവും മുൻവിജയം പോലും ആവർത്തിക്കാൻ കഴിയാത്ത രീതിയിൽ ജനങ്ങൾ സംഘ്‌പരിവാറിനെ കൈകാര്യം ചെയ്തിരിക്കുന്നു'
400 സീറ്റ് നേടി വിജയിക്കുമെന്നും ഭരണഘടന ഭേദഗതി ചെയ്യുമെന്നും അവകാശവാദമുന്നയിച്ച സംഘപരിവാറിനും എൻ.ഡി.എക്കും രാജ്യത്തെ ജനങ്ങൾ കനത്ത തിരിച്ചടിയാണ് നൽകിയതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് നയിച്ച വിദ്വേഷ പ്രചാരണങ്ങൾക്ക് ശേഷവും മുൻവിജയം പോലും ആവർത്തിക്കാൻ കഴിയാത്ത രീതിയിൽ ജനങ്ങൾ സംഘപരിവാറിനെ കൈകാര്യം ചെയ്തിരിക്കുന്നു . രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ ജീവിക്കുന്ന സാധാരണക്കാരായ ജനങ്ങൾ ബി.ജെ.പി ഭരണത്തിന്റെ അപകടം മനസ്സിലാക്കി അവരെ തിരസ്‌കരിച്ചു തുടങ്ങി എന്ന സന്ദേശം തെരഞ്ഞെടുപ്പ് ഫലം നൽകുന്നുണ്ട്. മതനിരപേക്ഷ കക്ഷികൾ ഒറ്റക്കെട്ടായി അണിനിരന്നാൽ ഹിന്ദുത്വ വംശീയതയെയും ഭരണകൂട ഭീകരതയെയും സംഘപരിവാർ ഫാസിസത്തെയും ചെറുത്തു തോൽപ്പിക്കാൻ കഴിയുമെന്നും തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചിരിക്കുന്നു.
പ്രതിപക്ഷ നേതാക്കളെ തുറങ്കലിലടച്ചും കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടിയും മാധ്യമങ്ങളെ വിലയ്‌ക്കെടുത്തും പ്രതിപക്ഷത്തെ ഇല്ലാതാക്കാനാണ് കഴിഞ്ഞ 10 വർഷം മോദി സർക്കാർ ശ്രമിച്ചത്.
ചെറുതും വലുതുമായ എല്ലാ ബിജെപി ഇതര രാഷ്ട്രീയ പാർട്ടികളെയും ചേർത്തു പിടിച്ചു കേന്ദ്രത്തിൽ ഒരു സംഘ്പരിവാർ ഇതര സർക്കാർ രൂപീകരിക്കാൻ ഇന്ത്യ മുന്നണി നേതാക്കൾ തയ്യാറാകണം. മറ്റു അഭിപ്രായ വ്യത്യാസങ്ങളും കക്ഷി താല്പര്യങ്ങളും മാറ്റി വെച്ചു രാജ്യത്തിന്റെ ഭാവിക്കും സുസ്ഥിതിക്കും വേണ്ടി ഒന്നിച്ചു നിൽക്കാൻ എല്ലാ പാർട്ടികൾക്കും ബാധ്യതയുണ്ട്. കേന്ദ്രത്തിൽ ഒരു ജനാധിപത്യ മത നിരപേക്ഷ സർക്കാർ രൂപീകരണം എന്നതായിരിക്കണം എല്ലാവരുടെയും പ്രഥമവും പ്രധാനവുമായ പരിഗണന. സംഘ് പരിവാർ വിരുദ്ധ തെരഞ്ഞടുപ്പ് പൂർവ്വ വിശാല രാഷ്ടീയ സഖ്യം എന്ന വെൽഫെയർ പാർട്ടി നിലപാടിനുള്ള അംഗീകാരം കൂടിയാണ് കേരളത്തിലെ ജനവിധിയെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപി യുടെ രണ്ട് കേന്ദ്ര മന്ത്രിമാർ പരാജയപ്പെട്ടുവെങ്കിലും തൃശൂരിലെ ബിജെപി ജയം അതീവ ഗൗരവത്തോടെ കേരളം നോക്കിക്കാണണം. സംഘ്പരിവാറിന് സംസ്ഥാനത്ത് സ്ഥാനമില്ലെന്ന കേരളത്തിന്റെ രാഷ്ട്രീയ അവകാശവാദത്തിന് പരിക്കേറ്റിരിക്കുന്നു. എൽഡിഎഫ് - യുഡിഎഫ് മുന്നണികളുടെ രാഷ്ട്രീയ ദൗർബല്യത്തെയും വോട്ട് ചോർച്ചയെയും മുതലെടുത്താണ് ബിജെപി ജയിച്ചത് ഇതിന്റെ കാരണങ്ങൾ മുന്നണികൾ സൂക്ഷ്മമായി പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.