ചർച്ചയാവാം, ബസുടമകളുടെ സമ്മർദം കൊണ്ടാണ് വർധനയെന്ന് വരുത്തിത്തീർക്കാനാണ് ശ്രമം: ഗതാഗത മന്ത്രി
വർധിച്ചു വരുന്ന ഇന്ധന വിലയിൽ ബസ്സുടമകൾക്കും ജീവനക്കാർക്കും മുന്നോട്ടു പോകാനാവില്ലെന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു
സ്വകാര്യ ബസ്സുടമകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ബസ്സുടമകളുടെ സമ്മർദം കൊണ്ടാണ് ചാർജ് വർധനയെന്ന് വരുത്തി തീർക്കാനുള്ള ശ്രമം നടക്കുകയാണെന്നും മന്ത്രി പറഞ്ഞു. അനിശ്ചിത കാല സ്വകാര്യ ബസ് സമരം ഇന്ന് തുടങ്ങിയ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.
സ്വകാര്യ ബസ് സമരം ഇതിനോടകം പൊതുജനങ്ങളെ ദുരിതത്തിലാക്കിയിട്ടുണ്ട്. ചാർജ് വർധിപ്പിക്കേണ്ടി വരുമെന്ന് ബസ്സുടമകളെ അറിയിച്ചിരുന്നതാണെന്ന് മന്ത്രി പറഞ്ഞു. വർധിച്ചു വരുന്ന ഇന്ധന വിലയിൽ ബസ്സുടമകൾക്കും ജീവനക്കാർക്കും മുന്നോട്ടു പോകാനാവില്ലെന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. നികുതി ഇളവുകൾ ബസ്സുടമകൾക്ക് നൽകിയിട്ടുണ്ടെന്നും ചാർജ് വർധിപ്പിക്കാനുള്ള തീരുമാനം വൈകിയിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. വിദ്യാർഥികളുടെ കൺസെൻഷൻ അടക്കമുള്ള വിഷയങ്ങൾ പരിഗണിക്കാമെന്നും മന്ത്രി അറിയിച്ചിരുന്നതാണ്. ചാർജ് വർധന ഉണ്ടാകുമെന്ന് സർക്കാർ അറിയിച്ചെങ്കിലും എത്ര രൂപ കൂട്ടുമെന്നോ എപ്പോൾ കൂട്ടുമെന്നോ അറിയിക്കാത്തതിനെ തുടർന്നാണ് അനിശ്ചിതകാല സമരത്തിലേക്ക് പോകാൻ സ്വകാര്യ ബസ് ഉടമകൾ തയ്യാറായത്. ബസുടമകളുടെ നഷ്ടം സർക്കാരിന് അറിയാമെന്നും നിരക്ക് നിശ്ചയിക്കുന്നതിന് സമയം വേണ്ടി വരുമെന്നുമാണ് ഗതാഗത മന്ത്രി പറയുന്നത്.
ബസ് സമരം ജനങ്ങളെ ബാധിക്കാതിരിക്കാൻ കെ.എസ്.ആർ.ടി.സി കൂടുതൽ സർവീസ് നടത്തും. യൂണിറ്റുകളിലുള്ള മുഴുവൻ ബസുകളും സർവീസിനിറക്കാനാണ് കെ.എസ്.ആർ.ടി.സിയുടെ തീരുമാനം. ആശുപത്രി, എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് പ്രത്യേക സർവീസുണ്ടാവും. ജീവനക്കാർ അവധിയെടുക്കുന്നതിൽ നിയന്ത്രണം വരുത്തിയിട്ടുണ്ട്. സ്വകാര്യ ബസുടമകൾ ക്രമസമാധന പ്രശ്‌നമുണ്ടാക്കിയാൽ പൊലീസ് സഹായം തേടാനും നിർദേശമുണ്ട്. അതേസമയം കോഴിക്കോട് ജില്ലയിൽ സ്വകാര്യ ബസ് സമരം പൊതുജനത്തെ ദുരിതത്തിലാക്കിയിട്ടുണ്ട്. സ്വകാര്യ ബസ് സമരം ആരംഭിച്ച സാഹചര്യത്തിലും കോഴിക്കോട് ജില്ലയിൽ ഇന്ന് അധിക സർവീസ് ഉണ്ടാകില്ലെന്നാണ് കെ.എസ്. ആർ.ടി.സി അറിയിച്ചത്. തിരക്കേറിയ റൂട്ടുകളിൽ സർവീസ് പുനഃക്രമീകരിച്ച് കൂടുതൽ ബസ്സുകൾ ഓടുമെന്നും കെ.എസ്.ആർ.ടി.സി അറിയിച്ചു.