'ജെ.പി നഡ്ഡയുടെ അപ്പോയ്മെൻ്റ് എടുത്തുനൽകാനും കൂടെപ്പോകാനും തയാര്‍'; വീണാ ജോർജിനെ പരിഹസിച്ച് ജെബി മേത്തർ
സമരംചെയ്യുന്ന സ്ത്രീകളെ മന്ത്രി പരിഹസിക്കുകയാണെന്ന് ജെബി മേത്തർ മീഡിയവണിനോട്


തിരുവനന്തപുരം: കേന്ദ്രആരോഗ്യ മന്ത്രി ജെപി നഡ്ഡയുടെ അപ്പോയ്മെൻ്റ് നേടാൻ സഹായവാഗ്ദാനവുമായി രാജ്യസഭാംഗവും മഹിളാ കോൺഗ്രസ് അധ്യക്ഷയുമായ ജെബി മേത്തർ. സംസ്ഥാന ആരോഗ്യ മന്ത്രിക്ക് സംവിധാനമില്ലെങ്കിൽ അപോയ്മെൻ്റ് എടുത്തു നൽകാനോ കൂടെപോകാനോ തയാറാണ്. വനിതാമന്ത്രിയെന്ന നിലയിൽ സ്ത്രീകളുടെ സമരത്തോട് ഉണ്ടാകുമെന്ന് കരുതിയ അനുഭാവം ഉണ്ടായില്ല. സമരംചെയ്യുന്ന സ്ത്രീകളെ മന്ത്രി വീണാജോർജ് പരിഹസിക്കുകയാണെന്ന് ജെബി മേത്തർ മീഡിയവണിനോട് പറഞ്ഞു.
അതേസമയം, ആശമാരുടെ സമരവുമായി ബന്ധപ്പെട്ട് നടത്തിയ ഡൽഹി യാത്രയിൽ വിശദീകരണവുമായി ആരോഗ്യമന്ത്രി വീണാജോർജ് രംഗത്തെത്തി. ഒരാഴ്ചയ്ക്കുള്ളിൽ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നഡ്ഢയെ കാണും എന്നാണ് പറഞ്ഞത്. ഡൽഹി യാത്രയ്ക്ക് മറ്റു ലക്ഷ്യങ്ങൾ കൂടി ഉണ്ടായിരുന്നു. ആശമാരുടെ വിഷയം ഉന്നയിച്ച ആദ്യമായല്ല കേന്ദ്രമന്ത്രിയെ കാണുന്നതെന്നും വീണാ ജോര്‍ജ് പറയുന്നു.ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു മന്ത്രിയുടെ വിശദീകരണം.
ചില മാധ്യമങ്ങൾ തന്നെ ക്രൂശിക്കാൻ ശ്രമിക്കുകയാണെന്ന് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാല്‍ കേന്ദ്രമന്ത്രിയെ കാണുന്നതിന് അനുമതി തേടിയത് എന്നാണെന്ന ചോദ്യത്തിന് വീണാ ജോർജിന് കൃത്യമായി മറുപടിയുണ്ടായിരുന്നില്ല.വീണാ ജോർജിനെ ആക്രമിക്കുന്നത് രാഷ്ട്രീയ നിലപാടിന്റെ ഭാഗമെന്ന് എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണൻ ആരോപിച്ചു.
ൃ