ജില്ലാ സമ്മേളനങ്ങളിലേക്ക് കടക്കുന്ന സിപിഎമ്മിന് തലവേദനയായി പ്രാദേശിക വിഭാഗീയത
കരുനാഗപ്പള്ളിയിൽ ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടെങ്കിലും തിരുവല്ലയിലും കൊഴിഞ്ഞാമ്പാറയിലും പ്രശ്നങ്ങൾ തുടരുകയാണ്.
തിരുവനന്തപുരം: ഏരിയാസമ്മേളനങ്ങൾ പൂർത്തീകരിച്ച് ജില്ലാ സമ്മേളനങ്ങളിലേക്ക് കടക്കുന്ന സിപിഎമ്മിന് തലവേദനയായി പ്രാദേശിക വിഭാഗീയത. കൊല്ലം കരുനാഗപ്പള്ളിയിൽ വിഭാഗീയതക്കെതിരെ ചില നടപടികളെടുത്തെങ്കിലും, പത്തനംതിട്ട തിരുവല്ലയിലെ പ്രശ്നം ഇതുവരെ പരിഹരിച്ചിട്ടില്ല. തിരുവല്ലയിലെ പ്രാദേശിക നേതാക്കളുമായി സിപിഎം ജില്ലാ നേതൃത്വം ഇന്ന് ചർച്ച നടത്തിയേക്കും. പാലക്കാട് കൊഴിഞ്ഞാമ്പാറയിലെ പ്രദേശിക പ്രശ്നവും നേതൃത്വത്തിന് പരിഹരിക്കാനായിട്ടില്ല.
സമ്മേളനങ്ങളിൽ മത്സരം പാടില്ലെന്ന നിർദേശം സംസ്ഥാന നേതൃത്വം നേരത്തെ തന്നെ നൽകിയതാണ്. അതിനെ ലംഘിച്ച് പലയിടങ്ങളിലും മത്സരം നടന്നെങ്കിലും അതൊന്നും തർക്കത്തിലേക്കും, വഴക്കിലേക്കും പോയിരുന്നില്ല. എന്നാൽ കൊല്ലം കരുനാഗപ്പള്ളിയിലെ പാർട്ടി വിഭാഗീയത സംസ്ഥാന നേതൃത്വത്തിന് വലിയ തലവേദനയായിരുന്നു. ഒടുവിൽ സംസ്ഥാന സെക്രട്ടറി തന്നെ നേരിട്ട് യോഗം വിളിച്ചു കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി പിരിച്ചുവിട്ടു. ഏരിയാ സമ്മേളനം നടത്തേണ്ട എന്ന് തീരുമാനിക്കുകയും ജില്ലാ സമ്മേളനത്തിലേക്ക് കടക്കാൻ നിർദേശം നൽകുകയും ചെയ്തു. അടുത്ത മാസം ആദ്യം നടക്കുന്ന കൊല്ലം ജില്ലാ സമ്മേളനത്തിൽ ഇത് പ്രതിഫലിക്കാനുള്ള സാധ്യതകൾ നിലനിൽക്കുന്നുണ്ട്.
ഇതിനൊപ്പമാണ് പത്തനംതിട്ട തിരുവല്ലയിൽ ഉണ്ടായിരിക്കുന്ന പാർട്ടി വിഭാഗീയത. ഏരിയാ കമ്മിറ്റിയും, ലോക്കൽ കമ്മിറ്റിയും തമ്മിലുള്ള തർക്കത്തിന്റെ പേരിൽ തിരുവല്ല ടൗൺ നോർത്ത് ലോക്കൽ സമ്മേളനം നിർത്തിവെക്കേണ്ടി വന്നിരുന്നു. പീഡനക്കേസ് പ്രതിയായ സജിമോൻ എന്നയാളെ ഏരിയാ നേതൃത്വം മുതലുള്ള ആൾക്കാർ സംരക്ഷിക്കുന്നുവെന്ന് പ്രവർത്തന റിപ്പോർട്ടിൽ പരാമർശം ഉണ്ടായിരുന്നു. ഇതിനെതിരെ ജില്ലാ നേതൃത്വം നിലപാട് സ്വീകരിക്കുകയും ലോക്കൽ സമ്മേളന പ്രതിനിധികൾക്ക് നൽകിയ പ്രവർത്തന റിപ്പോർട്ട് തിരികെ വാങ്ങുകയും ചെയ്തു. ഈ മാസം 11ന് തിരുവല്ല ഏരിയാ സമ്മേളനം നടക്കേണ്ടതാണ്. അതിനു മുന്നോടിയായി ലോക്കൽ സമ്മേളനം പൂർത്തീകരിക്കണം. സമവായ നീക്കത്തിൻറെ ഭാഗമായി ജില്ലാ നേതൃത്വം തിരുവല്ല ഏരിയ, ലോക്കൽ നേതാക്കളെ ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. പീഡനക്കേസിൽ പ്രതിയായ സജിമോനെ പിന്തുണയ്ക്കുന്നവരെ കമ്മിറ്റിയിൽ ഉൾപ്പെടുത്തരുതെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ഒരു വിഭാഗം. തർക്കം തുടർന്നാൽ കരുനാഗപ്പള്ളിയിലെതുപോലെ സമ്മേളനം ഒഴിവാക്കി ജില്ലാ സമ്മേളനത്തിലേക്ക് കടക്കാനുള്ള തീരുമാനമെടുക്കുമോ എന്നാണ് അറിയേണ്ടത്.
അതിനൊപ്പം പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ വിമത വിഭാഗം ഇഎംഎസ് സ്മാരകം എന്ന പേരിൽ ഒരു ഓഫീസ് തുറന്നതും നേതൃത്വം ഗൗരവമായി കാണുന്നുണ്ട്. കോൺഗ്രസിൽ നിന്ന് വിട്ട് വന്നയാളെ പാർട്ടി ലോക്കൽ നേതൃത്വത്തിലേക്ക് ഉയർത്തിയതാണ് കൊഴിഞ്ഞാമ്പാറയിലെ പ്രദേശിക നേതൃത്വത്തെ ചൊടിപ്പിച്ചത്. ജില്ലാ സമ്മേളനത്തിന് മുമ്പ് അവരെ അനുനയിപ്പിക്കാനുള്ള നീക്കം നടത്തണമെന്ന അഭിപ്രായം പാർട്ടിക്കുള്ളിലുണ്ട്.