വയനാട് ചുണ്ടേലിൽ യുവാവ് മരിച്ച വാഹനാപകടം ആസൂത്രിതമെന്ന് കുടുംബം
ചുണ്ടേലിൽ ഥാർ ജീപ്പും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർ നവാസ് മരിച്ചിരുന്നു.
Update: 2024-12-03 14:40 GMT
വയനാട്: വയനാട് ചുണ്ടേലിൽ യുവാവ് മരിച്ച വാഹനാപകടം ആസൂത്രിതമെന്ന ആരോപണവുമായി കുടുംബം. ചുണ്ടേലിൽ ഥാർ ജീപ്പും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർ നവാസ് മരിച്ചിരുന്നു. നവാസും ഥാർ ഓടിച്ചിരുന്ന സുബിൽ ഷായും തമ്മിൽ മുൻ വൈരാഗ്യമുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.
അപകടം ഗൂഢാലോചനയുടെ ഭാഗമായി ആസൂത്രിതമായി നടത്തിയതാണെന്ന് ആരോപിച്ച് ബന്ധു റഷീദ് വൈത്തിരി പൊലീസിൽ പരാതി നൽകി. വളരെ ദൂരെ നിന്ന് വാഹനം വരുന്നത് കാണാവുന്ന സ്ഥലത്താണ് അപകടം നടന്നത്. ഓട്ടോ റിക്ഷയെ ഒരു മതിലുമായി ചേർത്ത് മനപ്പൂർവം ഇടിക്കുകയായിരുന്നു എന്നാണ് ആരോപണം. അപകടത്തിന് ശേഷം എല്ലാവരും നവാസിനെ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ സുബിൽ ഷാ അതിനൊന്നും കൂടാതെ ഫോൺ ചെയ്തു നിൽക്കുകയായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു.