കോതി നിവാസികൾക്ക് ആശ്വാസം: പരിസ്ഥിതി പ്രശ്‌നങ്ങൾ തള്ളിയ സിംഗിൾ ബെഞ്ച് നിരീക്ഷണം ഹൈക്കോടതി റദ്ദാക്കി
പരാതിക്കാർക്ക് ദേശീയ ഹരിത ട്രൈബ്യൂണിലെ സമീപിക്കാമെന്ന് കോടതി
കോഴിക്കോട്: കോതി മാലിന്യ പ്ലാന്റുമായി ബന്ധപ്പെട്ടപരിസ്ഥിതി പ്രശ്നങ്ങള്‍ തള്ളിയ ഹൈക്കോടതി സിംഗിള്‍ ബഞ്ച് നിരീക്ഷണങ്ങള്‍ ഡിവഷൻ ബെഞ്ച് റദ്ദാക്കി. പരാതിക്കാർക്ക് ദേശീയ ഹരിത ട്രൈബ്യൂണിലെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി.
എന്നാൽ നിർമ്മാണവുമായി മുന്നോട്ട് പോകാമെന്ന കോടതി ഉത്തരവ് നിലനിൽക്കും. കോതിയിൽ മാലിന്യ പ്ലാന്റുമായി ബന്ധപ്പെട്ട നിർമാണ പ്രവർത്തനങ്ങൾ നിർത്തി വയ്ക്കണമെന്ന ആവശ്യവുമായി സമരസമിതിക്കാർ ഹൈക്കോടതി സിംഗിൾ ബെഞ്ചിനെയാണ് ആദ്യം സമീപിച്ചത്. കല്ലായി പുഴയുടെ തീരത്താണ് നിർമാണമെന്നതും കണ്ടൽ ചെടികളുൾപ്പടെ നിർമാണത്തിൽ നശിക്കുമെന്നതുമുൾപ്പടെയുള്ള പരിസ്ഥിതി പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു സമീപനം. എന്നാൽ സിംഗിൾ ബെഞ്ച് ഈ പ്രശ്‌നങ്ങളെ തള്ളി നിർമാണവുമായി മുന്നോട്ടു പോകാൻ കോഴിക്കോട് കോർപറേഷന് അനുമതി നൽകി. ഇതിനെതിരെയാണ് സമരക്കാർ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.
ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ച ഏറ്റവും പുതിയ വിധി പ്രകാരം സമരക്കാർ ഉന്നയിച്ച പരിസ്ഥിതി പ്രശ്‌നങ്ങൾ ദേശീയ ട്രൈബ്യൂണലിന് പരിശോധിക്കാം. ഇതുകൂടാതെയാണ് പരിസ്ഥിതി പ്രശ്‌നങ്ങൾ തള്ളിയ സിംഗിൾ ബെഞ്ച് നിരീക്ഷണങ്ങൾ ഹൈക്കോടതി റദ്ദാക്കിയത്. കണ്ടൽക്കാടുകളുടെ പ്രശ്‌നവും തീരശോഷണവും ഉൾപ്പടെയുള്ള പ്രശ്‌നങ്ങൾ ഉന്നയിച്ച് സമരക്കാർക്ക് നിയമപോരാട്ടം നടത്താൻ കഴിയും എന്നതാണ് വിധിയുടെ ഏറ്റവും വലിയ പ്രത്യേകത. പരിസ്ഥിതി പ്രശ്‌നങ്ങളിൽ ട്രൈബ്യൂണൽ എടുക്കുന്ന വിധി നിർണായകമാകും.
നിയമനിർമാണവുമായി മുന്നോട്ടു പോകാം എന്നതിനാൽ പദ്ധതി നടപ്പാക്കാൻ കോർപറേഷന് തടസ്സമില്ല.