എറണാകുളത്ത്‌നിന്ന് മാറ്റി; രേണു രാജ് ഇനി വയനാട് കലക്ടർ, ഐ.എ.എസ് തലപ്പത്ത് അഴിച്ചുപണി

എൻ.എസ്.കെ ഉമേഷാണ് പുതിയ എറണാകുളം കലക്ടർ

Update: 2023-03-08 08:17 GMT

Renu Raj 

Advertising

ഐ.എ.എസ് തലപ്പത്ത് അഴിച്ചുപണി. എറണാകുളം കലക്ടറായ രേണു രാജിനെ സ്ഥലം മാറ്റി. വയനാട് ജില്ലാ കലക്ടറായാണ് അവരെ മാറ്റിയത്. എൻ.എസ്.കെ ഉമേഷാണ് പുതിയ എറണാകുളം കലക്ടർ. തൃശ്ശൂർ ജില്ലാ കലക്ടറായിരുന്ന ഹരിത വികുമാറിനെ ആലപ്പുഴയിലേക്ക് മാറ്റി. വയനാട് കലക്ടർ എ. ഗീതയെ കോഴിക്കോടേക്കാണ് നിയമിച്ചത്. സ്‌നേഹിൽകുമാറിനെ ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായും മാറ്റി.

ബ്രഹ്മപുരം മാലിന്യപ്ലാന്റിന് തീപിടിച്ചിട്ട് ഇന്നേക്ക് ഒരാഴ്ച തികയുകയാണ്. ഇതോടെ കൊച്ചിയിലെ വായു ഗുണനിലവാരത്തിൽ ഗുരുതര പ്രശ്‌നങ്ങളുണ്ടെന്ന് വിമർശിക്കപ്പെടുന്ന സാഹചര്യത്തിലാണ് എറണാകുളം കലക്ടർ സ്ഥാനത്ത് നിന്ന് രേണുരാജിന്റെ മാറ്റം. സംഭവത്തെ കുറിച്ചുള്ള ഹരജി പരിഗണിച്ചപ്പോൾ കലക്ടർ ഹാജരാകാതിരുന്നതിൽ ഹൈക്കോടതി അതൃപ്തി അറിയിച്ചിരുന്നു.

മുൻകാലകളിൽ തീപിടിത്തങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇത്രയും രൂക്ഷമായ തീയും പുകയും ഇതാദ്യമാണ്. ആളിക്കത്തുന്ന തീ അണയ്ക്കാനായെങ്കിലും പ്ലാൻറിന്റെ പല ഭാഗത്തും ഇപ്പോഴും തീയും പുകയും ഉയരുകയാണ്. വ്യോമസേനയുടെ ഹെലികോപ്ടറുകളടക്കം സ്ഥലത്തുണ്ട്. ഫയർ ടെണ്ടറുകളും ഹിറ്റാച്ചികളും ഉപയോഗിച്ച് മാലിന്യക്കൂനകൾ മറിച്ചിട്ട് വെള്ളമടിക്കുന്നത് തുടരുകയാണ്. സൈന്യത്തിന്റെ ഹെലിക്കോപ്റ്ററുകളും സഹായവുമായി രംഗത്തുണ്ട്. കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങൾ വിട്ടുകിട്ടാത്ത സാഹചര്യത്തിൽ ദുരന്തനിവാരണ നിയമം ഉപയോഗിച്ച് മണ്ണുമാന്തിയന്ത്രങ്ങൾ പിടിച്ചെടുക്കുകയാണ് ജില്ല ഭരണകൂടം.


കൊച്ചി നഗരത്തിൽ ഒരാഴ്ചയായി തുടരുന്ന പുക ശല്യം രണ്ടു ദിവസത്തിനകം പൂർണമായി ഇല്ലാതാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ജില്ലാ ഭരണകൂടം. തീ അണക്കാനായി അധ്വാനിക്കുന്നവർക്കായി ആരോഗ്യവകുപ്പിന്റെ പ്രത്യേക മെഡിക്കൽ ക്യാമ്പ് ബ്രഹ്മപുരത്ത് തുടങ്ങി. പുക മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങൾ കാര്യമായി റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തീപിടിത്തത്തിന്റെ തൽസ്ഥിതിയും പരിഹാര നിർദേശങ്ങളും മലിനീകരണ നിയന്ത്രണ ബോർഡും കൊച്ചി കോർപറേഷനും അറിയിക്കണമെന്ന് കോടതി നിർദേശം നൽകിയിരുന്നു. ഇത് സംബന്ധിച്ച റിപ്പോർട്ട് ഇന്ന് ഉദ്യോഗസ്ഥർ കോടതിക്ക് കൈമാറും. ബ്രഹ്മപുരത്ത് മലിനീകരണ നിയന്ത്രണ ബോർഡ് സാഹചര്യത്തിനനുസരിച്ച് പ്രവർത്തിച്ചില്ലെന്നാണ് കോടതിയുടെ വിലയിരുത്തൽ. കേസിൽ ഇന്ന് ജില്ലാ കലക്ടറും പിസിബി ചെയർമാനും കോർപ്പറേഷൻ സെക്രട്ടറിയും നേരിട്ട് ഹാജരാകും . തദ്ദേശസെക്രട്ടറിയോട് ഓൺലൈനിൽ ഹാജരാകാനും കോടതി നിർദേശിച്ചിട്ടുണ്ട്. ജസ്റ്റിസുമാരായ എസ്.വി.ഭട്ടിയും, ബസന്ത് ബാലാജിയും അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്.


Full View


Renu Raj is now Wayanad District Collector

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News