റിസോർട്ട് വിവാദം; സംസ്ഥാന കമ്മിറ്റിയിൽ ഏറ്റുമുട്ടി ജയരാജൻമാർ
ആരോപണങ്ങള്‍ പാർട്ടി സമിതി അന്വേഷിക്കും
തിരുവനന്തപുരം: റിസോർട്ട് വിവാദത്തെ ചൊല്ലി സിപിഎം നേതാക്കളായ ഇ.പി ജയരാജനും പി. ജയരാജനും ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സമിതിയിൽ ഏറ്റുമുട്ടി. തനിക്കെതിരെ ഗൂഢാലോചന നടന്നെന്നും വ്യക്തിഹത്യക്ക് ശ്രമം നടന്നെന്നും ഇ.പി ജയരാജൻ ആരോപിച്ചു.
എന്നാല്‍ സാമ്പത്തിക ആരോപണം നടത്തിയില്ലെന്നും മറ്റൊരാള്‍ എഴുതിത്തന്നത് പാർട്ടിയെ അറിയിക്കുക മാത്രമാണ് ചെയ്തതെന്നും പി ജയരാജൻ പറഞ്ഞു. ഇരുവർക്കുമെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ പാർട്ടി അനുമതി നൽകി. എന്നാൽ വിഷയം വഷളാക്കിയത് നേതൃത്വമാണെന്ന് ചില അംഗങ്ങൾ ആരോപിച്ചു.
കഴിഞ്ഞ സംസ്ഥാന കമ്മിറ്റിയിലായിരുന്നു ഇ.പി ജയരാജനെതിരെ പി. ജയരാജൻ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. ഇ.പി ജയരാജന്റെ മകന്റെ ഉടമസ്ഥതയിലുള്ള കണ്ണൂർ വൈദേകം ആയുർവേദ റിസോർട്ട് നിർമാണത്തിൽ അഴിമതി നടന്നുവെന്നാണ് പി.ജയരാജൻറെ ആരോപണം.
എന്നാൽ വൈദേകം റിസോർട്ടിൽ തനിക്ക് നിക്ഷേപമില്ലെന്നും ഭാര്യക്കും മകനുമാണ് നിക്ഷേപമുള്ളതെന്നുമായിരുന്നു ഇ.പി ജയരാജന്റെ വിശദീകരണം. ഭാര്യക്ക് റിട്ടയർമെന്റായി കിട്ടിയ തുകയാണതെന്നും ഇത് അനധികൃതമല്ലെന്നും സിപിഐഎം സംസ്ഥാന കമ്മിറ്റിക്ക് ഇ.പി വിശദീകരണം നൽകിയിരുന്നു.