'ഉറങ്ങിക്കിടക്കുമ്പോ മണ്ണ് ദേഹത്തേക്ക് വീണതേ ഓർമയുള്ളൂ, ഭാര്യയെയും പേരക്കുട്ടിയെയും ഇനിയും കിട്ടിയില്ല..'
ഇരുട്ടിലും എങ്ങോട്ടെന്നില്ലാതെ വീട് വിട്ട് ഓടിയവരും നിരവധിയാണ്
വയനാട്: ഉരുൾപൊട്ടലുണ്ടാക്കിയ ആഘാതത്തിൽ നിന്ന് വയനാട് മുണ്ടക്കൈയിലെയും ചൂരൽമലയിലെയും മനുഷ്യർ ഇനിയും മുക്തമായിട്ടില്ല. പലരുടെയും ജീവൻ മാത്രം അവശേഷിപ്പിച്ച് മറ്റെല്ലാം തുടച്ചുനീക്കിയാണ് ഉരുൾപൊട്ടിയൊലിച്ചു പോയത്. വിവിധ ആശുപത്രികളിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരാകട്ടെ നഷ്ടപ്പെട്ടുപോയ പ്രിയപ്പെട്ടവരെക്കുറിച്ചുള്ള ആധി മാത്രമാണ് പങ്കുവെക്കാനുള്ളത്.
'ഉറങ്ങിക്കിടക്കുമ്പോ മണ്ണ് മേലേക്ക് വീണതേ ഓർമയൊള്ളൂ..പിന്നെ എന്ത് സംഭവിച്ചു എന്നറിയില്ല. ഭാര്യയെയും പേരക്കുട്ടിയെയും ഇനിയും കിട്ടിയിട്ടില്ല. മകൻ ആ വെള്ളത്തിൽ ഒലിച്ച് അരക്കിലോമീറ്ററോളം പോയി. മകന്റെ ഭാര്യയെ കിട്ടി. മകന് എന്നേക്കാൾ കൂടുതൽ പരിക്കുണ്ട്.അവനിപ്പൊ ഐ.സി.യുവിലാണ്'. ഉരുൾപൊട്ടലിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ദേവരാജ് മീഡിയവണിനോട് പറഞ്ഞു. ഉറങ്ങിക്കിടന്ന വീടൊക്കൊ പോയി. ഇനി അവിടെ ഒന്നും ബാക്കിയില്ല,എല്ലാം പോയെന്നും ദേവരാജ് പറയുന്നു.
ഉരുൾപൊട്ടിയത് മനസിലാക്കി വീട്ടിൽ നിന്നും ഒന്നുമെടുക്കാതെ ഓടിരക്ഷപ്പെട്ടവരും ഏറെയാണ്. ഇരുട്ടിലും എങ്ങോട്ടെന്നില്ലാതെ വീട് വിട്ട് പലരും ഓടുകയായിരുന്നു. 'രണ്ടുമൂന്നാല് തവണ വലിയ ശബ്ദം കേട്ട് വീടിന് പുറത്തിറങ്ങി നോക്കിയപ്പോൾ മുറ്റം നിറയെ ചുവന്ന മണ്ണ്. വലിയ ശബ്ദമായിരുന്നു. മണ്ണിന്റെ രൂക്ഷമായ മണവുമുണ്ടായിരുന്നു. അതോടെ വീട്ടിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു..' വീടുവിട്ട് ഓടുന്നതിനിടെ മറ്റൊരു വാഹനത്തിനടിയിൽ കാലുകുടുങ്ങി പരിക്കേറ്റ വയോധികൻ മീഡിയവണിനോട് പറഞ്ഞു.