ഷോക്കേറ്റ് മരണം: റിജാസിന്റെ കുടുംബത്തിന് 25 ലക്ഷം നഷ്ടപരിഹാരം നൽകണം-ചെന്നിത്തല
യുവാവിന്‍റെ മരണം കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലമാണെന്ന് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിന്റെ റിപ്പോർട്ട് വന്നിരുന്നു
കോഴിക്കോട്: കുറ്റിക്കാട്ടൂരിൽ ഷോക്കേറ്റ് മരിച്ച മുഹമ്മദ് റിജാസിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കെ.എസ്.ഇ.ബിയുടെ അനാസ്ഥയാണ് യുവാവിന്റെ മരണത്തിനിടയാക്കിയതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.
കുറ്റിക്കാട്ടൂർ എ.ഡബ്ല്യു കോളജ് ജങ്ഷനിൽ കെട്ടിടത്തിന്റെ ഷെഡിൽനിന്ന് ഷോക്കേറ്റായിരുന്നു യുവാവ് മരിച്ചത്. മരണം കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലമാണെന്ന് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിന്റെ റിപ്പോർട്ട് വന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
കഴിഞ്ഞ മെയ് 17നു തന്നെ സർവീസ് ലൈനിൽനിന്ന് ഷെഡിലേക്ക് വൈദ്യുതപ്രവാഹമുണ്ടെന്ന് കെ.എസ്.ഇ.ബി കോവൂർ സെക്ഷൻ ഓഫീസിലേക്ക് ഫോണിലും രേഖാമൂലവും പരാതി നൽകിയിരുന്നു. എന്നിട്ടും ഉദ്യേഗസ്ഥൻ വന്ന് നോക്കിപ്പോയി എന്നതല്ലാതെ തുടർനടപടികൾ സ്വീകരിച്ചിരുന്നില്ല. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച സംഭവിച്ചു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിനൊപ്പം കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നൽകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
യൂത്ത് കോൺഗ്രസ് കുന്ദമംഗലം നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് റാഫിയുടെ സഹോദരനാണ് റിജാസ്.
Summary: Congress leader Ramesh Chennithala wants to pay Rs 25 lakh as compensation to the family of Muhammad Rijas who died of electric shock in Kuttikkattoor