റിയാസ് മൗലവി വധക്കേസ്; പ്രോസിക്യൂട്ടർ ക്രിമിനൽ പശ്ചാത്തലമുള്ളയാളെന്ന് കെ.എം ഷാജി
പോക്സോ കേസ് ഇരയിൽ നിന്ന് പണം തട്ടിയതടക്കമുള്ള കേസുണ്ടെന്നാണ് കെ.എം.ഷാജിയുടെ ആരോപണം.
കോഴിക്കോട്: റിയാസ് മൗലവി കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ ക്രിമിനൽ പശ്ചാത്തലമുള്ളയാളെന്ന് മുസ്‍ലിം ലീഗ് നേതാവ് കെ.എം ഷാജി. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് തന്റെ ആരോപണം. വിധിക്കെതിരെ അപ്പീൽ നൽകിയത് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണെന്നും സർക്കാറിനും മുഖ്യമന്ത്രിക്കും ക്രിമിനൽ പശ്ചാത്തലമാണെന്നും ഷാജി പറഞ്ഞു.
പോക്സോ കേസിലെ ഇരയിൽ നിന്ന് പണം തട്ടി എന്നതടക്കം കേസ് നേരിടുന്നയാളാണ് അഡ്വ. ഷാജിതെന്നാണ് കെ.എം ഷാജിയുടെ ആരോപണം. പോക്‌സോ കേസിലെ പ്രതിയിൽ നിന്ന് നാൽപത് ലക്ഷം രൂപ വാങ്ങി ഇരക്ക് കൊടുക്കാതിരുന്നതിൻ്റെ പേരിലാണ് വഞ്ചനാക്കേസെന്നും ഷാജി ആരോപിച്ചു. റിയാസ് മൗലവി വധക്കേസ് അന്വേഷണത്തിൽ കൃത്യമായ രാഷ്ട്രീയമുണ്ടെന്നും കെ.എം ഷാജി പറഞ്ഞു.
അതേസമയം, റിയാസ് മൗലവി വധക്കേസിൽ പ്രോസിക്യൂഷന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് റിയാസ് മൗലവിയുടെ ഭാര്യ സൈദ പറഞ്ഞു. വിധിക്കെതിരെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അഡ്വ.ടി.ഷാജിത് മുഖാന്തരം ഹൈക്കോടതിയിൽ അപ്പീൽ നൽകും. ഹൈക്കോടതിയിൽ പൂർണ വിശ്വാസമെന്നും സൈദ പറഞ്ഞു.